2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Monday, 20 November 2017

ശാസ്ത്രോത്സവം- സഹവാസ ക്യാമ്പ്




നമ്മുടെ ജീവിതത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചുകൊണ്ടിരിക്കുന്നത് ശാസത്രമാണ്. ശാസ്ത്രത്തിന്‍റെ ഉലപ്ന്നങ്ങളെയാണ് നാം പലപ്പോഴും ശാസ്ത്രമായി കണക്കാക്കുന്നത്. അവയെ മാറ്റി നിര്‍ത്തിയുള്ള ഒരു ജീവിതം ചിന്തിക്കാനേ അസാധ്യമായ ഒരു ലോകത്താണ് നാമിന്ന് ജീവിച്ചുകൊണ്ടിരിക്കുന്നത്. ശാസ്ത്രമെന്നത് കേവലം ഉപകരണങ്ങള്‍ മാത്രമല്ലെന്നും അതൊരു രീതിശാസ്ത്രമാണെന്നും തിരിച്ചറിയാന്‍ കഴിയേണ്ടതുണ്ട്. കേവല അറിവ് നേടുന്നതിനപ്പുറത്തേക്ക് നിത്യജീവിതത്തില്‍ നമുക്കുണ്ടാകുന്ന നാനാതരം പ്രശ്നങ്ങളെ മറികടക്കുന്നതിനായി ശാസത്രത്തിന്‍റെ രീതി നാം പ്രയോഗത്തില്‍ വരുത്തേണ്ടതുണ്ട്. സുപ്രസിദ്ധ ശാസത്രജ്ഞയായ മാഡം ക്യൂറിയുടെ 150-ാം ജന്മവര്‍ഷത്തില്‍ ശാസ്ത്രത്തിന്‍റെ രീതി പരിചയപ്പെടുന്നതിനും ശാസ്ത്രത്തിലെ രസകരമായ അടിസ്ഥാന ധാരണകള്‍ സ്വന്തമായി പരിചയപ്പെടുന്നതിനും അന്വേഷണാത്മക ശാസ്ത്രപഠനം എങ്ങനെ പ്രയോഗ വല്‍ക്കരിക്കാമെന്നും തിരിച്ചറിയുന്നതിനുമായാണ് സര്‍വ്വശിക്ഷാ അഭിയാന്‍റെ നേതൃത്വത്തില്‍ 2017 നവംബറില്‍ ഉപജില്ലയിലെ ഓരോ ക്ലസ്റ്റര്‍ റിസോഴ്സ് സെന്‍ററുകളിലേയും തെരഞ്ഞെടുക്കപ്പെട്ട ഓരോ വിദ്യാലയത്തില്‍ ശാസ്ത്രോത്സവങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്. രണ്ടു ദിനങ്ങളിലായി സ്കൂള്‍ പ്രവൃത്തി സമയങ്ങളിലായി ആസൂത്രണം ചെയ്യപ്പെട്ട ശാസ്ത്രോത്സവം ശാസ്ത്ര സഹവാസക്യാമ്പായി നടത്താനുള്ള തീരുമാനമാണ് ഉളിയില്‍ ഗവ.യു.പി.സ്കൂള്‍ എസ്.ആര്‍.ജി തീരുമാനിച്ചത്. ഇതിനായ നിര്‍ദ്ദിഷ്ട മോഡ്യൂള്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങലോടെ പുതുക്കി ആവശ്യമായ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. 2017 നവംബര്‍ 17, 18 തീയ്യതികളിലായി നടത്തിയ പ്രസ്തുത ശാസ്ത്രസഹവാസക്യാമ്പിന്‍റെ ഹ്രസ്വമായ റിപ്പോര്‍ട്ടാണ് താഴെ കൊടുത്തിരിക്കുന്നത്.

രാവിലെ 9.30 ന് രജിസ്ട്രേഷനോടെയാണ് ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. രജിസ്ട്രേഷനോടൊപ്പം ക്യാമ്പംഗങ്ങള്‍ക്ക് ആലിലയില്‍ വരച്ച ബാഡ്ജും നോട്ട് പുസ്തകവും പേനയും സമ്മാനമായി നല്‍കി. വിദ്യാലയത്തിലെ തെരഞ്ഞെടുക്കപ്പെട്ട 67 കുട്ടികളും വിവിധ വിദ്യാലയങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന 5 അധ്യാപികമാരും വിദ്യാലയത്തിലെ റിസോഴ്സ് ടീമില്‍ ഉള്‍പ്പെട്ട അധ്യാപകരുമാണ് ക്യാമ്പ് അംഗങ്ങളായി ഉണ്ടായിരുന്നത്. 
       ലളിതവും ഹ്രസ്വവുമായ ഉദ്ഘാടന ച്ചടങ്ങില്‍ ശാസ്ത്ര ക്ലബ്ബ് കണ്‍വീനര്‍ ശ്രീമതി സീമ ടീച്ചര്‍ സ്വാഗതമാശംസി ച്ചു സീനിയര്‍ അധ്യാപിക ശ്രീമതി കമലാക്ഷി ടീച്ചര്‍     അധ്യക്ഷയായിരുന്നു. ഇരിട്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. പി.പി. ഉസ്മാന്‍ ക്യാമ്പിന്‍റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉപജില്ലാ സയന്‍സ് ക്ലബ്ബ് സിക്രട്ടറി ശ്രീ അശോകന്‍ മാസ്റ്റര്‍, സി.ആര്‍.സി കോ-ഓഡിനേറ്റര്‍ ശ്രീമതി ലിജിന, ശ്രീ.അബ്ദുള്ള മാസ്റ്റര്‍, എസ്.എം.സി അംഗം ശ്രീമതി എന്നിവര്‍ ആശംസ അറിയിച്ചു. സ്റ്റാഫ് സിക്രട്ടറി ശ്രീമതി സീനത്ത് ടീച്ചറുടെ നന്ദി പ്രകടിപ്പിച്ചു. 
 

  

  



    
      തുടര്‍ന്ന് ക്യാമ്പ് ഗീതം ആലപിക്കപ്പെട്ടു. നമ്മളൊന്ന് മാനവരൊന്ന് എന്ന ഗീതം എല്ലാവരും ഏറ്റുപാടി ക്യാമ്പ് മധുരതരമാക്കി. ക്യാമ്പ് ഗീതത്തിനു ശേഷം എല്ലാ ക്യാമ്പംഗങ്ങളും ഗ്രൗണ്ടില്‍ അണിചേര്‍ന്ന് വിനാഗിരി റോക്കറ്റ് വിക്ഷേപിച്ചു. റോക്കറ്റ്  ആകാശത്തേക്ക് കുതിച്ചുയര്‍ന്നതോടെ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ സമാരംഭിച്ചു. തുടര്‍ന്ന് എല്ലാ കുട്ടികള്‍ക്കും സമ്മാനപ്പൊതി നല്‍കി. അവ ആകാശത്തേക്ക് വിക്ഷേപിച്ചപ്പോള്‍ പടക്കങ്ങള്‍ പൊട്ടി. ഹാളില്‍ തിരിച്ചത്തി റോക്കറ്റിന്‍റെ ശാസ്ത്രം പരിചയപ്പെട്ടു. എല്ലാ ക്യാമ്പംഗങ്ങള്‍ക്കും തുടര്‍ന്ന് ശാസ്ത്രജ്ഞരുടെ ജിഗ്സോ കഷണങ്ങള്‍ നല്‍കി. ലൂയി പാസ്ചര്‍, മൈക്കല്‍ ഫാരഡേ, ഐസ്റ്റൈന്‍, മാഡംക്യൂറി. ജെ.സി ബോസ്, എഡിസണ്‍ എന്നീ പ്രമുഖ ശാസ്ത്രജ്ഞരുടെ ചിത്രങ്ങള്‍ കുട്ടികള്‍ സംഘമായി പൂര്‍ത്തിയാക്കി. 
            
     



അവരെക്കുറിച്ചുള്ള വിവിരശേഖരണമാണ് തുടര്‍ന്ന് നടന്നത്. കുട്ടികളെ സഹായിക്കാനായി ചുമരില്‍ ഏതാനും ശാസ്ത്രജ്ഞരെക്കുറിച്ചുള്ള വിവരങ്ങള്‍ ചിത്രസഹിതം തയ്യാറാക്കി വെച്ചത് അവര്‍ക്ക് സഹായകമായി. ഓരോ ഗ്രൂപ്പും പരിചയപ്പെടുകയും വിവരങ്ങള്‍ പങ്ക് വെക്കുകയും ചെയ്തു. ക്യാമ്പ് ഡയരക്ടറായ ശ്രീ സജിത്ത് മാസ്റ്റര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ചായക്ക് ശേഷം നിശ്ചയിക്കപ്പെട്ട വിവിധ മൂലകളിലേക്ക് കുട്ടികള്‍ നയിക്കപ്പെട്ടു. 
രസം രസതന്ത്രം, ഇണങ്ങിയും പിണങ്ങിയും, സൂക്ഷ്മലോകം, എളുപ്പം എളുപ്പം, പ്രകാശലോകം, നിര്‍മ്മിതി എന്നിങ്ങനെ സജ്ജീകരിച്ച 6 മൂലകളിലായാണ് ക്യാമ്പംഗങ്ങള്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. ഓരോ മൂലകള്‍ക്കും രണ്ട് വീതം റിസോഴ്സ് അധ്യാപകര്‍ നേതൃത്വം നല്‍കി. 
                 

രസം രസതന്ത്രം
ശ്രീ.അജ്മല്‍ മാസ്റ്റര്‍, ശ്രമീതി നദീറ എന്നിവര്‍ നേതൃത്വം നല്‍കിയ മൂലയില്‍ ആദ്യം അമോണിയം ഡൈക്രോമേറ്റ് ഉപയോഗിച്ചുള്ള അഗ്നിപര്‍വ്വത്തിന്‍റെ ഡെമോണ്‍സ്ട്രേഷന്‍ നാടകീയമായി അവതരിപ്പിച്ചു. തുടര്‍ന്ന് നിറം മാറുന്ന ചായ (ഹൈപ്പോ+അയഡിന്‍)യും പരിചയപ്പെടുത്തി. 
     

            
ആശംസാ കാര്‍ഡ് നിര്‍മ്മാണമാണ് തുടര്‍ന്ന് നടന്നത്. തയ്യാറാക്കിയ കാര്‍ഡില്‍ ഈയര്‍ബഡ് സോപ്പില്‍ തൊട്ട് ഓരോരുത്തരും ആസംസാ കാര്‍ഡുകള്‍ തയ്യാറാക്കി. നിറം മാറുന്ന കാര്‍ഡ് കൗതുകം ജനിപ്പിച്ചു. അതിനു പിന്നിലെ ശാസ്ത്രം ആര്‍.പി. അവതരിപ്പിച്ചു. തുടര്‍ന്ന്  വിവിധ തരം മണ്ണുകളുടെ പി.എച്ച് കണ്ടുപിടിക്കാനുള്ള പ്രവര്‍ത്തനം കുട്ടികള്‍ സ്വന്തമായി ചെയ്തു. തീപ്പെട്ടിയില്ലാതെ തീ ഉണ്ടാക്കാനുള്ള പ്രവര്‍ത്തനത്തിലും (പെര്‍മാംഗനേറ്റ് + ഗ്ലിസറിന്‍ താപമോചക പ്രവര്‍ത്തനം)കുട്ടികള്‍ തന്നെ ഏര്‍പ്പെട്ടു.  രസതന്ത്രത്തിന്‍റെ കൗതുക ലോകത്തുകൂടി സഞ്ചരിച്ച് അവര്‍ അടുത്ത മൂലയിലേക്ക് നീങ്ങി.

ഇണങ്ങിയും പിണങ്ങിയും
കാന്തവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളാണ് ഈ മൂലയില്‍ നടന്നത്. ശ്രീമതി സിനി ടീച്ചറും ശ്രീമതി ശ്രീജ ടീച്ചറും നേതൃത്വം നല്‍കിയ ഈ മൂലയിലെ പ്രവര്‍ത്തനങ്ങള്‍ ഏറെ താല്പര്യജനകമായിരുന്നു. വീണുപോയ മോതിരം മുങ്ങിയെടുക്കാന്‍ ഒരാളെ കിണറിലിറക്കാന്‍ പലരും ഏറെ ശ്രമിച്ചെങ്കിലും നടന്നില്ല. കാന്തത്തിനെ കബളിപ്പിക്കാന്‍ കഴിയാത്തതായിരുന്നു കാരണം. 
    

          
ടീച്ചര്‍ അബദ്ധത്തില്‍ തട്ടി മറിച്ച സാധനങ്ങള്‍ മാന്ത്രകപ്പെട്ടിയിലിട്ടപ്പോള്‍ പലതും പുറത്തു വന്നില്ല. ഇതിലൂടെ കാന്തിക-അകാന്തിക വസ്തുക്കളെ വേര്‍തിരിച്ച് അറിയാനായി. തുടര്‍ന്ന് കാന്തത്തിന്‍റെ ധ്രുവങ്ങള്‍ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍, വലയം കാന്തം ഉപയോഗിച്ചുള്ള ആകര്‍ഷണ വികര്‍ഷണങ്ങള്‍, മാഗലേവ് ട്രെയിനുകളുടെ ശാസ്ത്രം, വൈദ്യുത കാന്ത നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും സ്വന്തമായി ചെയ്ത് ആഘോഷിച്ചു. കൗതുകങ്ങള്‍ക്ക് പിന്നിലെ ശാസ്ത്രവും തിരിച്ചറിഞ്ഞു.

സൂക്ഷ്മലോകം
സ്വന്തമായി മൈക്രോസ്കോപ്പ് കൈകാര്യം ചെയ്യാനും നിരീക്ഷണ സ്ലൈഡുകള്‍ തയ്യാറാക്കാനുമാണ് ഈ മൂലയില്‍ ഊന്നല്‍ നല്‍കിയിരുന്നത്. ശ്രീമതി സീമ ടീച്ചറും ശ്രീമതി സുനിത ടീച്ചറുമാണ് സൂക്ഷ്മ ലോകത്തേക്ക് കുട്ടികളെ നയിച്ചത്. ഉള്ളിത്തൊലി, ആസ്യരന്ധ്രങ്ങള്‍, മെരിസ്റ്റമിക് കോശങ്ങള്‍, രക്തകോശങ്ങള്‍, ഏകകോശ ജീവികള്‍ എന്നിവ നിരീക്ഷിക്കാനും ചിത്രീകരിക്കാനും കഴിഞ്ഞു. തുടര്‍ന്ന് ഒ.എച്ച.പി പേപ്പര്‍ ഉപയോഗിച്ച് സ്വന്തമായി ലഘുമൈക്രോസ്കോപ്പ് നിര്‍മ്മിച്ച് സൂക്ഷ്മ നിരീക്ഷണം നടത്തുകയും ചെയ്തു. 

പ്രകാശലോകം
പ്രകാശ ലോകത്ത് എത്തിച്ചേര്‍ന്ന കുട്ടികളെ സ്വാഗതം ചെയ്തത് ശ്രീമതി ശ്രീബ ടീച്ചറും ശ്രീമതി ശ്രീജ ടീച്ചറുമാണ്. പല്ലുനോക്കാനുള്ള കണ്ണാടിയാണ് അവരെ സ്വാഗതം ചെയ്തത്. ഒലിയ പല്ല് കണ്ട് ഞെട്ടിയ കുട്ടികള്‍ക്ക് പിന്നീടാണ് കാര്യം ബോധ്യമായത്. കോണ്‍കേവ് ദര്‍പ്പണം ഒളിപ്പിച്ച് വെച്ച കണ്ണാടിയായിരുന്നു അത്. തുടര്‍ന്ന് വിവിധ തരം ദര്‍പ്പണങ്ങള്‍, ലെന്‍സുകള്‍, ടെലിസ്കോപ്പിന്‍റെ തത്വം, രണ്ട് സമതല ദര്‍പ്പണങ്ങള്‍ വിവിധ കോണുകളില്‍ ചേരുമ്പോഴുണ്ടാകുന്ന പ്രതിബിംബങ്ങളുടെ എണ്ണം, അവസാനിക്കാത്ത രാജകീയ പാത തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് പറകിലെ ശാസ്ത്രം കുട്ടികള്‍ കൗതുകത്തോടെ കണ്ടെത്തി. 
     


വിവിധ മാധ്യമങ്ങളിലൂടെ പ്രകാശം കടന്നുപോകുമ്പോഴുണ്ടാകുന്ന വ്യതിയാനം ڊ- അപവര്‍ത്തനം ലളിതമായ പരീക്ഷണത്തിലൂടെ ഉറപ്പിച്ച ശേഷം മണ്ണെണ്ണ, വെള്ളം, വെളിച്ചെണ്ണ എന്നീ മാധ്യമങ്ങളിലെ അപവര്‍ത്തനം ലേസര്‍ ടോര്‍ച്ചുപയോഗിച്ച് എല്ലാവരും ചെയ്തു നോക്കി തൃപ്തരായി. 
   
എളുപ്പം എളുപ്പം
ലഘുയന്ത്രങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സജ്ജീകരിച്ച ഈ മൂലക്ക് ശ്രീമതി സംഗീത ടീച്ചര്‍ ശ്രീമതി റീജ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആദ്യം കുട്ടികളെ കാത്തിരുന്നത് എയര്‍ ജാക്കിയായിരുന്നു. വായുമര്‍ദ്ദവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ എയര്‍ജാക്കി ഉപയോഗിച്ച് ഗ്രൂപ്പിലെ ഒരംഗത്തെ ഊതി ഉയര്‍ത്താന്‍ കഴിഞ്ഞത് കൗതുകകരമായിരുന്നു. ഉറപ്പിച്ചതും ഉറപ്പിക്കാത്തതുമായ കപ്പികള്‍ ഉപയോഗിച്ച് പ്രവൃത്തി എളുപ്പമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് നടത്തി. ധാരം മാറുമ്പോള്‍ സംഭവിക്കുന്ന യാന്ത്രിക ലാഭം സജ്ജീകരിച്ച സംവിധാനം ഉപയോഗിച്ച് കുട്ടികള്‍ അളന്ന് കണ്ടെത്തി.  മല്ലന്മാരെ തോല്പിക്കുന്ന സൂത്രമായിരുന്നു അടുത്തത്. ശക്തരായ രണ്ട് കുട്ടികള്‍ ചേര്‍ത്തുപിടിച്ച സ്റ്റീല്‍ പൈപ്പുകള്‍ കൂട്ടത്തിലെ ഏറ്റവും ചെറിയ കുട്ടി കയറിട്ട് വലിച്ച് അടുപ്പിക്കുന്ന പ്രവര്‍ത്തനം ചലിക്കുന്ന കപ്പിയുടെ തത്വം അനുസരിച്ചാണെന്നത് അവരെ അദ്ഭുതപ്പെടുത്താന്‍ പര്യാപ്തമായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ അടുത്ത മൂലയിലേക്ക് നീങ്ങി. 
   

            
നിര്‍മ്മിതി
നിര്‍മ്മിതിയിലെത്തിയ കൂട്ടുകാരെ കാത്തിരുന്നത് ശ്രീ.രജീഷ് മാഷും ശ്രീമതി നിഷ ടീച്ചറുമാണ്. സ്ട്രോ പീപ്പിയിലാരംഭിച്ച് ആനപ്പീപ്പി കേള്‍പ്പിച്ച് സംഘാംഗങ്ങള്‍ പമ്പരം കറക്കി. സി.ഡി ക്ക് ദ്വാരമിട്ട് നൂല്‍ ചുറ്റി മഴവില്‍ നിറങ്ങള്‍ ഒട്ടിച്ച് നൂല് മുറുക്കിയും അയച്ചും സി.ഡി പമ്പരം പോലെ കറക്കി വെളുത്ത നിറമുണ്ടാക്കിയതിന്‍റെ ശാസ്ത്രം ആര്‍.പി.മാര്‍ വിശദീകരിച്ചു. തുടര്‍ന്ന് പാലിലെ മായവും അത് കണ്ടെത്താനുള്ള മാര്‍ഗവും ചര്‍ച്ച ചെയ്തു. ഹൈഡ്രോ മീറ്റര്‍ ഓരോരുത്തരും നിര്‍മ്മിച്ചു. ബെയരിംഗ് ബോളും സ്ട്രോയും മാത്രം കൊണ്ടാണത് സാധിച്ചത്. തങ്ങളുടെ കരവിരുതിലുണ്ടായ പഠനോല്പന്നങ്ങള്‍ ഓരോരുത്തരും സ്വന്തം സൂക്ഷിപ്പിലേക്ക് മാറ്റി. പ്ലാസ്റ്റിക് ബോട്ടിലിന്‍റെ മറ്റൊരു ഉപയോഗവും കുട്ടികള്‍ കണ്ടെത്തി, ബോട്ടില്‍ ഫാന്‍. ഫാനിനു കീഴില്‍ കറക്കി അതിന്‍റെ പ്രയോഗവും അവര്‍ നടത്തി. ശാസ്ത്രമെന്നത് കേവല അറിവുകളല്ലെന്നും അവ പ്രവര്‍ത്തനമാണെന്നും നിര്‍മ്മിതിയില്‍ അവര്‍ തിരിച്ചറിഞ്ഞു.
     
    
                
ഉച്ചഭക്ഷണത്തിന് മുമ്പായി ഒന്നുവീതം മൂലകളിലെ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തീകരിച്ചത്. വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിനു ശേഷം മൂക്കനേയും മൂക്കിയേയും കണ്ടെത്താനുള്ള മണം തിരിച്ചറിയാനുള്ള പ്രവര്‍ത്തനം നടന്നു. 22 വ്യത്യസ്ത മണമുള്ള വസ്തുക്കള്‍ കിഴിയായി നമ്പറിട്ട് കെട്ടിത്തൂക്കിയിരുന്നു അവ മണത്തുനോക്കി തിരിച്ചറിയുക എന്നതായിരുന്ന പ്രവര്‍ത്തനം. 20 എണ്ണം ശരിയാക്കി അഞ്ചാം ക്ലാസുകാരനായ ദേവാനന്ദ് ഒന്നാം സ്ഥാനക്കാരനായി. ശാസ്ത്രപഠനത്തില്‍ പഞ്ചേന്ദ്രിയങ്ങളുടെ ഉപയോഗം തിരിച്ചറിയാനുള്ള ഈ പ്രവര്‍ത്തനം ഏറെ കൗതുകകരമായിരുന്നു. ഉച്ചക്ക് ശേഷം 3 മൂലകളിലെ പ്രവര്‍ത്തനങ്ങളിലൂടെ സംഘാംഗങ്ങള്‍ കടന്നുപോയി. 

വൈകുന്നേരം കളികള്‍ക്കുള്ളതായിരുന്നു. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ കളികള്‍ ഏറെ ആവേശകരമായിരുന്നു. ബാറ്റണ്‍ റിലേ, കൗണ്ട് ടൈം, ഇരട്ടത്തേങ്ങ, ആന-കുതിര-ജിറാഫ് തുടങ്ങിയ കളികള്‍ പുതിയ അനുഭവമായിരുന്നു.
  6.30 മുതല്‍ 7.30 വരെയുള്ള പേഴ്സണല്‍ ടൈമിന് ശേഷം മാഡം ക്യൂറിയുടെ ജീവിതം സ്ലൈഡ് പ്രസന്‍റേഷനിലൂടെ പരിചയപ്പെടുത്തി. തുടര്‍ന്ന് നക്ഷത്ര നിരീക്ഷണ ക്ലാസ് നടന്നു. ശ്രീ.സജിത്ത് മാസ്റ്റര്‍ നേതൃത്വം നല്‍കിയ ക്ലാസിലൂടെ നക്ഷത്ര നിരീക്ഷണത്തിന്‍റെ ചരിത്രവും വിവിധ നക്ഷത്ര രാശികളും അവയ്ക്ക് മലയാള മാസങ്ങളുമായുള്ള ബന്ധവും ജന്മനക്ഷത്രങ്ങളും പരിചയപ്പെട്ടു. ആകാശം മേഘാവൃതമായതിനാല്‍ വാനനിരീക്ഷണം നടത്താന്‍ സാധിക്കാത്തത് നിരാശപ്പെടുത്തി. തുടര്‍ന്ന് കുട്ടികള്‍ക്കായുള്ള ഏതാനും ഹ്രസ്വ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. 
     അത്താഴം കഴിച്ച് ക്യാമ്പംഗങ്ങള്‍ തയ്യാറാകുമ്പോഴേക്കും ക്യാമ്പ ഫയറിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരുന്നു. ഉപജില്ലയിലെ നൂണ്‍മീല്‍ ഓഫീസറായി വിരമിച്ച ശ്രീ. അബ്ദുള്ള സാറായിരുന്നു ഞങ്ങളുടെ അതിഥി. ഒപ്പം ബി.എസ്.എന്‍.എല്‍ ജീവനക്കാരനും നാടന്‍പാട്ടുകാരനുമായ ശ്രീ മണി, സ്കൂള്‍ പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ.പ്രകാശന്‍, എസ്.എം.സി അംഗം ശ്രീ. സനല്‍ തുടങ്ങിയ അംഗങ്ങളും രക്ഷിതാക്കളും ക്യാമ്പിലേക്ക് എത്തിയിരുന്നു. 





      ശ്രീ.അബ്ദുള്ള സാര്‍ ക്യാമ്പ് ഫയര്‍ തെളിയിച്ചു. ആര്‍പ്പുവിളികളോടെ അത് ആഘോഷിക്കപ്പെട്ടു. ശ്രീ. അജ്മല്‍ മാസ്റ്റര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് അവിസ്മരണീയ രാവായിരുന്നു. നാടന്‍ പാട്ടുകളും കവിതകളും നൃത്തവും എല്ലാം എല്ലാം ക്യാമ്പംഗങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി ക്യാമ്പ് ഫയരിനെ മാറ്റിത്തീര്‍ത്തു. സമയം 11.15 ക്യാമ്പ് ഫയര്‍ സമാപിച്ചു. മറക്കാനാവാത്ത മാസ്മരിക അനുഭവങ്ങളുമായി എല്ലാവരും ഉറങ്ങാനായി പിരിഞ്ഞതോടെ ആദ്യ ദിനം സമാപിച്ചു. 

രണ്ടാം ദിനം രാവിലെ 5.30 ന് ആരംഭിച്ചു. ആകാശം തെളിയാത്തതിനാല്‍ നക്ഷത്ര നിരീക്ഷണം നടന്നില്ല. ചൂട് കാപ്പിക്ക് ശേഷം ബി.പി. എക്സര്‍സൈസ് നടന്നു. തുടര്‍ന്ന് പ്രഭാത നടത്തം. ആകാശത്തിന്‍റെ കിഴക്കെ ചെരിവില്‍ സൗരതേജസ്സ് മഞ്ഞിലൂടെ കാണാമായിരുന്നു. ആവിലാട് ഭാഗത്തുകൂടെ ഉളിയിലിന്‍റെ ജീവദായിനിയാ തോടിന്‍റെ വക്കത്തുകൂടി പക്ഷികളേയും മറ്റ് ജീവികളേയും സസ്യ സമ്പത്തിനേയും തിരിച്ചറിഞ്ഞ യാത്രക്ക് ശ്രീ.വാഹിദ് മാസ്റ്റര്‍, ശ്രീ. അജ്മല്‍ മാസ്റ്റര്‍, ശ്രീ.സജിത്ത് മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്കി. തിരികെ വരുമ്പോള്‍ തോട്ടില്‍ ഒരു കുളി. തണുത്ത ജലത്തില്‍ കുട്ടികള്‍ തിമിര്‍ത്ത് കുളിച്ചു. അവരെ കരയിലെത്തിക്കാന്‍ ഏറെ പണിപ്പെട്ടു. 


          
പ്രഭാതഭക്ഷണത്തിനു ശേഷം ക്യാമ്പംഗങ്ങള്‍ കൂടിയിരുന്ന് കഴിഞ്ഞ ദിവസത്തെ അനുഭവങ്ങള്‍ ഡയറിക്കുറിപ്പായി എഴുതിയത് വായിച്ചു. അന്നത്തെ പ്രവര്‍ത്തനങ്ങള്‍ തീരുമാനിച്ചു. തുടര്‍ന്ന് വീണ്ടും വിവിധ മൂലകളിലേക്ക്ٹ 11.30 മണിയോടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി എല്ലാവരും വീണ്ടും ഹാളില്‍ സമ്മേളിച്ചു. സമാപന സമ്മേളനത്തില്‍ ക്യാമ്പ് അനുഭവങ്ങള്‍ പങ്ക് വെച്ചു. എല്ലാവര്‍ക്കും നല്ല അനുഭവമായിരുന്നു ക്യാമ്പ്. തുടര്‍ന്ന് ആര്‍.പി.മാരായ  ശ്രീ.രജീഷ് മാസ്റ്റര്‍, ശ്രീമതി  സീമ ടീച്ചര്‍, ശ്രീമതി സിനി ടീച്ചര്‍, ശ്രീമതി ശ്രീബ ടീച്ചര്‍, ശ്രീ.അജ്മല്‍ മാസ്റ്റര്‍, സി.ആര്‍.സി കോ-ഓഡിനേറ്റര്‍ ശ്രീമതി ലിജിന എന്നിവരും അവരവരുടെ അനുവങ്ങള്‍ പങ്കിട്ടു. ഹെഡ്മാസ്റ്റര്‍ ശ്രീ.പി.വി.ദിവാകരന്‍ മാസ്റ്റര്‍ മികച്ച പ്രവര്‍ത്തനം നടത്തിയ സജ ഫാത്തിമ, നന്ദന സതീഷ്, സിദ്ധാര്‍ത്ഥ് എന്നിവരെ പ്രത്യേകം അഭിനന്ദിച്ചു. അവരില്‍ നിന്നുമുള്ള ലിറ്റില്‍ സയന്‍റിസ്റ്റായി സിദ്ധാര്‍ത്ഥിനെ പ്രഖ്യാപിച്ചു. ക്യാമ്പ് ഡയരക്ടറായ ശ്രീ.സജിത്ത് മാസ്റ്ററുടെ നന്ദി പ്രകടനത്തോടെ ശാസ്ത്ര സഹവാസക്യാമ്പിന് വിരാമമായി. 


വിദ്യാലയത്തില്‍ ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം സംഘടിപ്പിക്കപ്പെട്ട സഹവാസക്യാമ്പ് കുട്ടികള്‍ക്കൊപ്പം അധ്യാപകര്‍ക്കും പുതിയ അനുഭവമായിരുന്നു. അന്വേഷണാത്മക ശാസ്ത്ര പഠനം എങ്ങനെ സാധ്യമാക്കാമെന്നതിന്‍റെ നേര്‍ അനുഭവങ്ങളാണ് ക്യാമ്പിലുടനീളം ഉണ്ടായത്. ക്യാമ്പ് വിജയമാക്കാന്‍ സഹായിച്ച സര്‍വ്വശിക്ഷാ അഭിയാന്‍ പ്രവര്‍ത്തകര്‍ക്കും ആര്‍.പിമാരായി പ്രവര്‍ത്തിച്ചവര്‍ക്കും പിന്തുണാ സംവിധാനങ്ങള്‍ ഒരുക്കിയവര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ജനപ്രതിനിധികള്‍ക്കുമുള്ള നന്ദി ഇവിടെ അറിയിക്കുന്നു.









No comments:

Post a Comment