വായനയാണ് ഒരു മനുഷ്യനെ പൂര്‍ണനാക്കുന്നത്. വായനയുടെ വിശാലമായ ലോകത്ത് കുട്ടികളെ എത്തിക്കുന്നതില്‍ ഗ്രന്ഥാലയങ്ങള്‍ക്ക് ഏറെ വലുതായ പങ്കുണ്ട്. നടുവനാട് സമദര്‍ശിനി ഗ്രന്ഥാലയം വിദ്യാലയത്തിലെ മികച്ച വായനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രതിമാസ വായനാക്കുറിപ്പ് മത്സരത്തില്‍ 7 എയിലെ കാര്‍ത്തിക വിജയം നേടി. വിജയിക്കുള്ള സമ്മാനം നഗരസഭാ നേതൃസമിതി കണ്‍വീനര്‍ ശ്രീ. തോമസ് നിര്‍വ്വഹിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ അബ്ദുള്ള കുട്ടികളെ അഭിസംബോധന ചെയ്തു. ലൈബ്രേറിയന്‍ ശ്രീ.രജീഷ്, സീനിയര്‍ അസിസ്റ്റന്‍റ് ശ്രീമതി കമലാക്ഷി ടീച്ചര്‍, ശ്രീ.സജിത്ത് മാഷ് എന്നിവര്‍ സംസാരിച്ചു.
2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം
Saturday, 30 September 2017
വിദ്യാരംഭം
ഇന്ന് വിജയദശമി. കളിയും ചിരിയും മാത്രം പരിചിതമായിരുന്ന ലോകത്തു നിന്ന് കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക് പിച്ചവെച്ച് കയറുന്ന ദിനം. മലയാളത്തിലെ കുരുന്നുകള്‍ ഇന്ന് ഹരിശ്രീ കുറിക്കും. കേരളത്തില്‍ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കിന് കുരുന്നുകളാണ് അക്ഷരമധുരം നുണയുന്നത്.
വിജയദശമി എന്നാൽ വിജയത്തിന്റെ ദിനമാണ് . അജ്ഞാനാന്ധകാരത്തെ അകറ്റി ജ്ഞാനത്തിന്റെ പ്രകാശം അകക്കണ്ണുകളിൽ നിറയുന്ന ദിനമാണത് . അവിദ്യയുടെ തമസിനെ വിദ്യയുടെ വെളിച്ചത്തിലേക്ക് നയിക്കുന്ന വിദ്യാദേവതയായ സരസ്വതിയും അധർമ്മത്തിന്റെ ആസുരീഭാവത്തെ തകർത്ത് ധർമ്മം പുനസ്ഥാപിക്കുന്ന ശക്തി സ്വരൂപിണിയായ ദുർഗ്ഗയും ദുരിതത്തിൽ നിന്നും ത്രാണനം ചെയ്യുന്ന ഐശ്വര്യദായിനിയായ മഹാലക്ഷ്മിയും ഒരുമിച്ചു പൂജിക്കപ്പെടുന്ന ദിനം കൂടിയാണ് വിജയദശമി .
ഗുരുവിൽ നിന്ന് ശിഷ്യരിലേക്കും ജ്ഞാനിയിൽ നിന്ന് ജിജ്ഞാസുവിലേക്കും അറിവിന്റെ അക്ഷയഖനി സരസ്വതീപ്രവാഹമായി എത്തുമ്പോൾ മനക്കണ്ണുകൾ തുറക്കപ്പെട്ട് മനീഷിയാകുമെന്ന വിശ്വാസമാണ് വിജയദശമിദിനത്തിൽ വിദ്യാരംഭം കുറിക്കുന്നതിനു പിന്നിലുള്ളത്.
അക്ഷര ലോകത്തേക്ക്, അറിവിന്‍ ലോകത്തേക്ക് പിച്ചവെക്കുന്ന എല്ലാ കുരുന്നുകള്‍ക്കും വിദ്യാലയത്തിന്റെ ആശംസകള്‍...
സ്കൂള്‍ തല കായിക മേള
കായിക രംഗത്ത് മികവ് പുലര്‍ത്തുന്ന കുട്ടികളെ കണ്ടെത്തി അധിക പരിശീലനം നല്‍കുന്നതിനും ഉപജില്ലാ കായിക മേളയിലേക്കുള്ള കുട്ടികളെ കണ്ടെത്തുന്നതിനമായി വിദ്യാലയത്തില്‍ ആദ്യമായി വിപുലമായ കായിക മേള സംഘടിപ്പിച്ചു. സപ്തംബര്‍ 26 ന് രാവിലെ ആരംഭിച്ച കായിക മേളയിലെ റിലേ മത്സരങ്ങള്‍ മഴ കാരണം സപ്തംബര്‍ 28 നാണ് പൂര്‍ത്തിയായത്. എല്ലാ കുട്ടികളെയും ബ്ലൂ, ഗ്രീന്‍, റെഡ്, യെല്ലോ ഹൗസുകളായി തിരിച്ച് ഹൗസ് അടിസ്ഥാനത്തില്‍ നടത്തിയ മത്സരങ്ങള്‍ ആവേശപൂര്‍ണമായിരുന്നു. കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ ഹെഡ്മാസ്റ്റര്‍ സല്യൂട്ട് സ്വീകരിച്ചു. പതാക ഉയര്‍ത്തിയതിനു ശേഷം കുട്ടികള്‍ പ്രതിജ്ഞയെടുത്തു.
ആനന്ദവും ആവേശവും നിറഞ്ഞു നിന്ന കായിക മേളയില്‍ ബ്ലൂ ഹൗസ് ഒന്നാം സ്ഥാനവും ഗ്രീന്‍ ഹൗസ് രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്കുള്ള ട്രോഫി സീനിയര്‍ അസിസ്റ്റന്‍റ് കമലാക്ഷി ടീച്ചര്‍ നല്‍കി. തുടര്‍ന്ന് എല്ലാ കുട്ടികളും അണി നിരന്ന ആഹ്ലാദപ്രകടനവുമുണ്ടായിരുന്നു.
കായിക മേളയിലെ ദൃശ്യങ്ങള്‍ ക്യാമറക്കണ്ണിലൂടെ . . . .
Friday, 29 September 2017
ക്ലാസ് തല പി.ടി.എ
ഒന്നാം പാദ വാര്‍ഷിക മൂല്യനിര്‍ണയത്തിലെ കണ്ടെത്തലുകള്‍ രക്ഷിതാക്കളുമായി പങ്കിടുന്നതിനായി സപ്തംബര്‍ 20 ന് എല്ലാ ക്ലാസുകളിലും സി.പി.ടി.എ കള്‍ നടന്നു. പഠനപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പിന്തുണ നല്‍കാനും പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി അധിക പ്രവര്‍ത്തനങ്ങള്‍ നല്‍കാനും ധാരണയായി.
വാക്സിനേഷന്‍ ക്ലാസ്
മീസില്‍സ്, റൂബെല്ലാ രോഗങ്ങളെ ഇന്ത്യയില്‍ 2020 ഓടെ നിന്നും തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് എം.ആര്‍.വാക്സിന്‍. വാക്സിനെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനായി വിദ്യാലയത്തില്‍ ചേര്‍ന്ന രക്ഷിതാക്കളുടെ യോഗത്തില്‍ ഇരിട്ടി പി.എച്ച്.സി യിലെ ഡോക്ടര്‍ ക്ലാസെടുത്തു. രക്ഷിതാക്കളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു. ഹെഡ്മാസ്റ്റര്‍ സ്വാഗതവും പറഞ്ഞ ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ.അബ്ദുള്‍ ഖാദര്‍ അധ്യക്ഷനായിരുന്നു.
പ്രതിരോധമാണ് ഫലപ്രദമായ മാർഗമെന്ന തിരിച്ചറിവിലാണ് മാരകമായ മീസിൽസ്-റുബെല്ല രോഗങ്ങളുടെ നിർമാർജനം ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് പ്രതിരോധ തീവ്രയജ്ഞ പരിപാടികൾക്ക് തുടക്കമിടുന്നത്.രാജ്യത്ത് പ്രതിവർഷം 49,200 കുട്ടികൾ മീസിൽസ് രോഗംമൂലം മരിക്കുന്നതായാണ് ഔദ്യോഗിക കണക്കുകൾ. ഗർഭിണികളിൽ ബാധിക്കുന്ന റുബെല്ല വഴി മരിക്കുകയും ജനനത്തിലേ വൈകല്യം സംഭവിക്കുന്നതുമായ കുട്ടികളുടെ കണക്കുകളും ആയിരക്കണക്കിനാണ്. എം.ആർ. വാക്സിന് പാർശ്വഫലങ്ങളില്ല. തികച്ചും സുരക്ഷിതമാണ് ഈ കുത്തിവെപ്പ്. ഇതൊരു പുതിയ വാക്സിൻ അല്ല. കഴിഞ്ഞ അമ്പതുവർഷമായി ലോകം മുഴുവൻ കൊടുത്തുകൊണ്ടിരിക്കുന്ന മീസിൽസ്-റുബെല്ല വാക്സിനുകൾ സംയോജിപ്പിച്ചതാണ് ഇപ്പോഴുള്ള ഒറ്റ വാക്സിൻ.
Saturday, 16 September 2017
കാസിനിക്ക് അന്ത്യാജ്ഞലി
ഗ്രഹാന്തര യാത്രകള്‍ക്ക് ഊര്‍ജം പകര്‍ന്ന വ്യാഴഗ്രഹത്തെപ്പറ്റി കൂടുതല്‍ പഠിക്കുന്നതിന് അമേരിക്കന്‍ ബഹിരാകശ ഏജന്‍സിയായ നാസ 1997 ല്‍ വിക്ഷേപിച്ച പര്യവേഷണ വാഹനം കാസിനി 7276 ദിവസത്തെ യാത്ര 2017 സപ്തംബര്‍ 15 ന് അവസാനിപ്പിച്ചു. ഏറെ വിലപ്പെട്ട വിവരങ്ങള്‍ ശാസ്ത്ര ലോകത്തിന് നല്‍കിക്കൊണ്ടാണ് പര്യവേഷണം അവസാനിച്ചത്.
ഓസോണ്‍ ദിനം

സൂര്യനില്‍നിന്ന് വരുന്ന മാരകമായ അള്‍ട്രാവൈലറ്റ് റേഡിയേഷനില്‍നിന്നും ഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുന്നത് ഭൂമിക്ക് പുറത്തുള്ള ഓസോണ്‍ പാളിയാണ്. ഭൂമിയുടെ അന്തരീക്ഷത്തെ അവയുടെ സ്വഭാവ സവിശേഷത അനുസരിച്ച് നാല് പാളികളായി തിരിച്ചിട്ടുണ്ട്. നാം ജീവിക്കുന്ന പാളിയാണ് ട്രോപ്പോസ്ഫിയര്‍. ട്രോപ്പോസ്ഫിയറിന് തൊട്ട് മുകളിലായുള്ള അന്തരീക്ഷ പാളിയാണ് സ്റ്റ്രാറ്റോസ്ഫിയര്‍. സ്‌ട്രോറ്റോസ്ഫിയറിലാണ് മൂന്ന് ഓക്‌സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന ഓസോണിന്റെ 90 ശതമാനവും കാണപ്പെടുന്നത്. ഈ ഓസോണ്‍ പാളിയിലെ ഏറ്റവും കൂടിയ സാന്ദ്രതയില്‍ ഓസോണ്‍ കാണപ്പെടുന്നത് ഭൂമിയില്‍നിന്നും ഏകദേശം 32 കി.മീ. ഉയരത്തിലാണ്. ഭൂമിയില്‍നിന്നും 10 കി.മീറ്ററിനും 50 കി.മീറ്ററിനും ഇടയിലാണ് ഓസോണ്‍ പാളി കാണപ്പെടുന്നത്. ഓസോൺ നേരിയ അളവിൽ അന്തരീക്ഷത്തിന്റെ എല്ലാ ഭാഗത്തും അടങ്ങിയിരിക്കുന്നു.
അന്തരീക്ഷത്തിന്റെ മുകൾതട്ടിൽ കാണപ്പെടുന്ന ഓസോൺ സൂര്യപ്രകാശത്തിലടങ്ങിയ അൾട്രാവയലറ്റ് രശ്മികളെ ഭൂമിയുടെ ഉപരിതലത്തിലെത്തുന്നതിൽ നിന്ന് തടയുന്നു.
1913 ഫ്രഞ്ച് ഭൗതികശാസ്ത്രഞ്ജന്മാരായ ചാൾസ് ഫാബ്രി, ഹെൻറി ബിഷൺ എന്നിവരാണ് ഇതിന്റെ സാന്നിദ്ധ്യം കണ്ടുപിടിച്ചത്. ബ്രിട്ടീഷുകാരനായ ജി.എം.ബി. ഡൊബ്സൺ ഇതിന്റെ ഘടനയെയും ഗുണങ്ങളെയും പറ്റി മനസ്സിലാക്കി, അദ്ദേഹം സ്പെക്ട്രോഫോമീറ്റർ വികസിപ്പിച്ചെടുത്തു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം തലയ്ക്ക് മീതെയുള്ള അന്തരീക്ഷത്തിലെ ഓസോണിന്റെ ആകെ അളവിനെ ഡോബ്സൺ യൂണിറ്റ് എന്നു വിളിക്കുന്നു.
ഓസോണ്‍പാളിക്കുണ്ടാകുന്ന നാശം ഭൂമിയിലേക്ക് മാരകമായ അള്‍ട്രാവയലറ്റ് രശ്മികള്‍ വരുന്നതിനെ വര്‍ദ്ധിപ്പിക്കുകയും അവ ക്രമേണ ഭൂമിയിലെ ജീവന്‍ തന്നെ ഇല്ലാതാക്കി മാറ്റുമെന്നും കരുതപ്പെടുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളും ഒരുമയോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഓസോണ്‍ നാശകങ്ങളായ രാസപദാര്‍ത്ഥങ്ങളുടെ ഉല്പാദനവും ഉപയോഗവും കുറയ്ക്കാന്‍ സാധിക്കുകയുള്ളൂ എന്ന തിരിച്ചറിവില്‍ നിന്നാണ് 1987 ല്‍ ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള അന്താരാഷട്ര പരിസ്ഥിതി സംഘടന (യു.എന്‍.ഇ.പി) കാനഡയിലെ മോണ്‍ട്രിയലില്‍ യോഗം ചേര്‍ന്ന് ഓസോണ്‍ശോഷണ പദാര്‍ത്ഥങ്ങളുടെ (ഒ.ഡി.എസ് -ക്ലോറോഫ്‌ളൂറോ കാര്‍ബണുകള്‍, ഹാലോണുകള്‍, മീഥേല്‍ ക്ലോറോഫോം, കാര്‍ബണ്‍ ടെട്രക്ലോറൈഡുകള്‍, ഹൈഡ്രോ ക്ലോറോഫ്‌ളൂറോ കാര്‍ബണുകള്‍, നൈട്രിക് ഓക്‌സൈഡ്, ബ്രോമിനേറ്റഡ് ഫ്‌ളൂറോ കാര്‍ബണുകള്‍ ) ഉല്പാദനവും ഉപയോഗവും കുറയ്ക്കുന്നതിനുള്ള ഉടമ്പടി വിവിധ അംഗരാജ്യങ്ങള്‍ അംഗീകരിച്ച് പ്രാബല്യത്തില്‍ കൊണ്ടുവന്നത്. ഈ ദിനത്തിന്റെ ഓര്‍മ്മപുതുക്കലാണ് സപ്തംബര്‍ 16 ലെ ഓരോ ഓസോണ്‍ദിനവും.
ക്ലോറോഫ്‌ളൂറോ കാര്‍ബണുകള്‍ അള്‍ട്രാവയലറ്റ് രശ്മിയുമായി പ്രവര്‍ത്തിച്ച് ക്ലോറിനെ സ്വതന്ത്രമാക്കും. ക്ലോറിന്റെ പ്രതിപ്രവര്‍ത്തനം ഓസോണ്‍ തന്മാത്രകളെ നശിപ്പിക്കുമെന്നാണ് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നത്. ഒരു ക്ലോറിന്‍ ആറ്റത്തിന് കുറഞ്ഞത് ഒരു ലക്ഷം ഓസോണ്‍ തന്മാത്രകളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്നാണ് കണക്കുകൂട്ടല്‍. ഓസോണ്‍ പാളികള്‍ക്ക് വിള്ളലുണ്ടാകുന്നതോടെ ഭൂമിയില്‍ അള്‍ട്രാവയലറ്റ് രശ്മികളുടെ തോതുയരും. ഇത് സസ്യങ്ങളുടെ സ്വഭാവിക പ്രതിരോധശേഷി ഇല്ലാതാക്കും. മനുഷ്യനില്‍ മെലനോമ പോലുള്ള മാരക ചര്‍മാര്‍ബുദവും ജനിതകവൈകല്യങ്ങളും പടര്‍ന്നു പിടിക്കുമെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് തന്നെ നമുക്കും ഓസോണിനെ സംരക്ഷിക്കാനായി ഈ വാതകപ്പുതപ്പിന് തുള വീഴാതെ കാക്കാം. നമുക്കുവേണ്ടിയും വരും തലമുറയ്ക്ക് വേണ്ടിയും..
വിദ്യാലയത്തില്‍ ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി പ്രഭാഷണം, കുറിപ്പ് തയ്യാറാക്കല്‍, പോസ്റ്റര്‍ പ്രദര്‍ശനം, ഓസോണ്‍ കുട ചൂടല്‍ പ്രവര്‍ത്തനങ്ങള്‍, പ്രതിജ്ഞ എന്നിവ നടന്നു.
Subscribe to:
Posts (Atom)