2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Wednesday, 29 March 2017

സ്കൂള്‍ വാര്‍ഷികാഘോഷം


    
 വിദ്യാലയത്തിന്റെ 105 -മത് വാര്‍ഷികാഘോഷം 2017 മാര്‍ച്ച് 18 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ചു. കുട്ടികളുടെ കലാപരിപാടികളോടെയാണ് വാര്‍ഷികാഘോഷത്തിന് തുടക്കമായത്. കഥകള്‍, കവിതകള്‍, നാടന്‍പാട്ടുകള്‍, ഉറുദു, അറബിക്, ഹിന്ദി, ഇംഗ്ലീഷ് ഗാനങ്ങള്‍, ഇംഗ്ലീഷ്, മലയാളം സ്കിറ്റുകള്‍, മാപ്പിളപ്പാട്ടുകള്‍, ഒപ്പന, തിരുവാതിര, കുച്ചുപ്പുടി, മോണോ- ആക്റ്റ്, മിമിക്രി, മാജിക് ഷോ, ദഫ്മുട്ട്, തുടങ്ങിയ വിവിധങ്ങളായ കലാപ്രകടനങ്ങള്‍ അരങ്ങിലെത്തി. പരിപാടികള്‍ വീക്ഷിക്കുന്നതിനായി രാവിലെ തൊട്ടേ നിരവധി രക്ഷിതാക്കളും എത്തിച്ചേര്‍ന്നിരുന്നു. 


     വൈകുന്നേരം നാല് മണിക്ക് സംസ്കാരിക സമ്മേളനം നടന്നു. സംസ്കാരിക സമ്മേളനത്തിന് മുന്നോടിയായി പ്രീ-പ്രൈമറി വിദ്യാര്‍ത്ഥികള്‍ അണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികള്‍ നടന്നു. പ്രമുഖര്‍ പങ്കെടുത്ത സദസ്സ് പ്രൗഢഗംഭീരമായിരുന്നു. എസ്.എം.സി പ്രസിഡണ്ട് ശ്രീ.ഷാജി സ്വാഗതമാസംസിച്ച ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.പി.വി.ദിവാകരന്‍ വിദ്യാലയത്തിന്റെ വിപുലമായ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 




     നഗരസഭാധ്യക്ഷന്റെ അഭാവത്തില്‍ കൗണ്‍സിലര്‍ ശ്രീ.അബ്ദുറഹ്മാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 




      കൗണ്‍സിലര്‍ ശ്രീമതി ശെരീഫ എന്‍ഡോവ്മെന്റുകളും പി.ടി.എ പ്രസിഡണ്ട് ശ്രീ.അബ്ദുള്‍ ഖാദര്‍ സമ്മാനങ്ങളും  വിതരണം ചെയ്തു. 

വിദ്യാലയത്തില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്ന ശ്രീ.മൂസക്കുട്ടിമാസ്റ്റര്‍, ശ്രീ.എബ്രഹാം മാസ്റ്റര്‍ എന്നിവരെ വേദിയില്‍ ആദരിച്ചു. 

   മുന്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.രവീന്ദ്രന്‍ മാസ്റ്റര്‍ , മദര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീമതി രജനി, എസ്.എം.സി വൈസ് ചെയര്‍മാന്‍ ശ്രീ.സത്താര്‍, പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ.പ്രകാശന്‍, മദര്‍ പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീമതി ജസീല മുഹമ്മദലി, സ്കൂള്‍ ലീഡര്‍ കുമാരി അവിഷ്ണ, സീനിയര്‍ അധ്യാപിക ശ്രമീതി കമലാക്ഷി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സ്റ്റാഫ് സിക്രട്ടറി ശ്രീമതി സീനത്ത് ടീച്ചറുടെ നന്ദി പ്രകടനത്തോടെ സംസ്കാരിക സമ്മേളനത്തിന് വിരാമമായി.

 സംസ്കാരിക സമ്മേളനത്തിന് ശേഷം മുഴക്കുന്ന്  കെ.കെ.ജി.എസ്.പി.എം സനോജ് മെമ്മോറിയല്‍ കളരി സംഘം അവതരിപ്പിച്ച കായികാഭ്യാസങ്ങള്‍ കാണികള്‍ വിസ്മയത്തോടെ നോക്കിക്കണ്ടു. 

   തുടര്‍ന്ന് കലോത്സവങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകളുടെ മാസ്മരിക പ്രകടനമായിരുന്നു. 




  ശേഷം ചാവശ്ശേരി ഹയര്‍സെക്കന്‍ഡറിയിലെ പ്രൈമറി വിഭാഗം കുട്ടികള്‍ അവതരിപ്പിച്ച ജില്ലാതലത്തിലെ മികച്ച രണ്ടാമത് നാടകം കട്ടന്‍ചായ അരങ്ങിലെത്തി. പ്രശസ്ത സംവിധായകനും ചാവശ്ശേരി ജി.എച്ച.എസ്.എസിലെ അധ്യാപകനുമായ ശ്രീ.തോമസ് ദേവസ്യ അണിയിച്ചൊരുക്കിയ നാടകം മദ്യവിപത്തിനെതിരെയള്ള ശക്തമായ സന്ദേശമായിരുന്നു. 

   രാത്രി 12 മണിയോടെ വാര്‍ഷികാഘോഷച്ചടങ്ങുകള്‍ പര്യവസാനിച്ചു.

Tuesday, 14 March 2017

നേട്ടം 2017 ബാലോത്സവം

   ഇരിട്ടി നഗരസഭാ പരിധിയിലെ പൊതുവിദ്യാലയങ്ങളുടെ മികവുകള്‍ പങ്കെ വെക്കുക എന്ന ലക്ഷ്യത്തോടെയാണ് സി.ആര്‍.സി തലത്തില്‍ നേട്ടം 2017 ബാലോത്സവം വിദ്യാലയത്തില്‍ സംഘടിപ്പിച്ചതി. പൊതു വിദ്യാലയങ്ങളുടെ മികവ് സമൂഹത്തിലേക്കെത്തിക്കുന്നതിനുള്ള വേദിയായിരുന്നു ഇത്.

   നേട്ടം 2017 ബലോത്സവത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ശ്രീ.അശോകന്‍ നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ.പി.വി.ദിവാകരന്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ അധ്യക്ഷനായിരുന്നു. പി.ടി.എ പ്രസിഡണ്ട്, എം.പി.ടി.എ പ്രസിഡണ്ട് , എസ്.എം.സി ചെയര്‍മാന്‍ തുടങ്ങിയവര്‍ ആശംസ അറിയിച്ച ചടങ്ങില്‍ പ്രവര്‍ത്തനങ്ങലെക്കുറിച്ച് സി.ആര്‍.സി കോ-ഓഡിനേറ്റര്‍ ശ്രീമതി ലിജിന വിശദീകരിച്ചു. എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീമതി മഞ്ജുള ചടങ്ങില്‍ നന്ദി അറിയിച്ചു.






  കുട്ടികളുടെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളുടെ അവതരണമായിരുന്നു ആദ്യഘട്ടത്തില്‍ നടന്നത്.  ഇംഗ്ലീഷ്/ മലയാളം സ്കിറ്റുകള്‍, കവിതകള്‍ ഇംഗ്ലീഷ് / മലയാളം /അറബിക് /ഹിന്ദി കവിതകള്‍, നാടന്‍പാട്ടുകള്‍, ലളിതഗാനങ്ങള്‍, മിമിക്രി, ഏകാഭിനയങ്ങള്‍.  തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ആകര്‍ഷകമായിരുന്നു.








   വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിനു ശേഷം വിദ്യാലയങ്ങളുടെ മികവ് അവതരണം വിവിധ മാര്‍ഗങ്ങളിലായി അവതരിപ്പിക്കപ്പെട്ടു. വീഡിയോ, റിപ്പോര്‍ട്ടിംഗ്, പവര്‍ പോയിന്റ് പ്രസന്റേഷന്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ അവതരിപ്പിച്ച മികവുകള്‍ വൈവിധ്യമാര്‍ന്ന പഠനതന്ത്രങ്ങളും മാര്‍ഗങ്ങളും കുട്ടികളുടെ സര്‍വ്വതോന്മുഖമായ വികാസത്തിന് പരിഗണിക്കുന്നുണ്ടെന്നത് വ്യക്തമായി. സമാപന സമ്മേളനത്തില്‍ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ.ഉസ്മാന്‍ പങ്കാളികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. വാഹിദ് മാസ്റ്ററുടെ നന്ദിപ്രകടനത്തോടെ പ്രവര്‍ത്തനങ്ങള്‍ സമാപിച്ചു






ബാലോത്സവം

   സര്‍വ്വശിക്ഷാ അഭിയാന്റേയും ഇരിട്ടി നഗരസഭയുടെയും നേതൃത്വത്തില്‍ വിദ്യാലയത്തില്‍ ബാലോത്സവം സംഘടിപ്പിച്ചു. നഗരസഭാ കൗണ്ശ്രീ‍സിലര്‍.അബ്ദുള്‍ റഹ്മാന്‍ ബലോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ.അബ്ദുള്‍ ഖാദര്‍ അധ്യക്ഷനായിരുന്നു. പ്രീ-പ്രൈമറിയിലെയും തൊട്ടടുത്ത അംഗണ്‍വാടികളിലേയും കൂട്ടുകാര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ഉച്ചക്ക് ശേഷം വിവിധ ക്ലാസുകളിലെ കുട്ടികളും വിവിധങ്ങളായ പരിപാടികള്‍ അവതരിപ്പിച്ചു. വൈകുന്നേരം ചേര്‍ന്ന സമാപന സമ്മേളനത്തില‍ പങ്കാളികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പൊതുവിദ്യാലയത്തിലെ കുട്ടികള്‍ എല്ലാ മികവിലും ഏറെ മുന്നിലാണെന്ന് വിളംബരം ചെയ്യന്നതായിരുന്നു പ്രവര്‍ത്തനങ്ങള്‍.


ഏകദിനപഠനയത്ര

    വിദ്യാലയത്തില്‍ നിന്ന് കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് നടത്തിയ പഠനയാത്ര ഏറെ വിജ്ഞാനപ്രദമായിരുന്നു. രാവിലെ 7.30 ന് യാത്ര ആരംഭിച്ചു. മൂന്നു മുതല്‍ ഏഴുവരെ ക്ലാസുകളിലെ കുട്ടികളാണ് രണ്ടു ബസ്സുകളിലായുള്ള യാത്രയില്‍ പങ്കെടുത്തത്. ആദ്യ സന്ദര്‍ശന കേന്ദ്രം ചരിത്രപ്രസിദ്ധമായ ഇരിങ്ങലിലെ കുഞ്ഞാലി മരയ്ക്കാരുടെ സ്മാരകത്തിലേക്കായിരുന്നു. സാമൂതിരിയുടെ നാവികസേനയുടെ തലവനായിരുന്ന കുഞ്ഞാലി മരയ്ക്കാരുടെ ജീവിതത്തെ തൊട്ടറിയാന്‍ കഴിഞ്ഞു. അക്കാലത്തെ ആയുധങ്ങള്‍, ഉപകരണങ്ങള്‍, പീരങ്കിയുണ്ടകള്‍, കോട്ടമാതൃക തുടങ്ങിയവ ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. 









       സ്മാരകത്തിനടുത്തുള്ള മൈതാനത്തുവെച്ച് കുട്ടികള്‍ കൊണ്ടുവന്നിരുന്ന പ്രഭാതഭക്ഷണം എല്ലാവരും പങ്കിട്ട് കഴിച്ചു. ക്രാഫ്റ്റ് വില്ലേജിനോട് ഓരം ചേര്‍ന്ന് ഞങ്ങള്‍ യാത്ര തുടര്‍ന്നു. കേരളത്തിലെ ആദ്യ പോര്‍ട്ടുഗീസുകാരന്‍ വാസ്കോ -ഡ ഗാമ കപ്പലിറങ്ങിയ സാമൂതിരി രാജ്യത്തിന്റെ തുറമുഖമായ കാപ്പാട് ഞങ്ങളെത്തിച്ചേര്‍ന്നു. ഇന്ത്യ മുഴുവന്‍ വൈദേശികാടിമത്തത്തിലേക്കാഴ്ത്താനുള്ള കാല്‍വെപ്പായിരുന്നു അതെന്ന് ചരിത്രം നമ്മെ അറിയിക്കുന്നു. കല്ലുകള്‍ പടുത്ത ഒരു സ്മാരകം പാതയോരത്ത് അധികമാരും ശ്രദ്ധിക്കാതെ കിടക്കുന്നു. ബീച്ചിലൂടെ ഒരു ചെറിയ നടത്തത്തിനു ശേഷം വീണ്ടും വാഹനത്തിലേക്ക്...




     കോഴിക്കോട് ഈസ്റ്റ് ഹില്ലിലെ പഴശ്ശിരാജ മ്യൂസിയത്തിലേക്കായിരുന്നു അടുത്ത യാത്ര. ടിക്കറെറടുത്ത് ഞങ്ങള്‍ അകത്തുകയറി. പുരാവസ്തു മ്യൂസിയം പഴശ്ശിരാജയോട് ഏറ്റുമുട്ടിയ ബ്രിട്ടീഷ് സൈനിക മേധാവി ബാബര്‍ പണികഴിപ്പിച്ചതാണത്രേ. 10 വാതിലുകളുള്ള കെട്ടിടം കോടതിയായും നിലവറ ജയിലായും ഉപയോഗപ്പെടുത്തിയിരുന്നുവെന്ന് ഗൈഡ് പറഞ്ഞു തന്നു. ഇപ്പോള്‍ മനോഹരമാക്കിയിരുന്ന കെട്ടിടം ഒരു കാലത്ത് എത്ര ദേശസ്നേഹികളുടെ വീരകഥകളും ദുരിതങ്ങളാലും മുഖരിതമായിട്ടുണ്ടാവാം. നിലവറ കല്‍കൊത്ത് പണികല്‍ പുരാതന വിഗ്രഹങ്ങള്‍ എന്നിവകൊണ്ട് സമ്പന്നമായിരുന്നു.





      തൊട്ടടുത്ത് തന്നെയുള്ള വി.കെ.കൃഷ്ണമേനോന്‍ സ്മാരക മ്യൂസിയത്തിലേക്കായിരുന്നു. ഇന്ത്യക്ക് കേരളം നല്‍കിയ അഭിമാന താരകമായ വി.കെ.കൃഷ്ണമേനോന് പല രാജ്യങ്ങളില്‍ നിന്നും ലഭിച്ച സമ്മാനങ്ങള്‍, കൗതുക വസ്തുക്കള്‍, അദ്ദേഹം ഉപയോഗിച്ച സാമഗ്രികള്‍ എന്നിവ അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു. പ്രഗദ്ഭരായ ധാരാളം ചിത്രകാരന്മാരുടെ രചനകളും വിവിധ രാജ്യങ്ങലിലെ ചിത്രരീതികളും നമ്മുടെ രവിവര്‍മയുടെ ചിത്രങ്ങളും ഞങ്ങള്‍ നോക്കിക്കണ്ടു. കുറച്ചു നേരം കുട്ടികളുടെ പാര്‍ക്കിലും ചെലവിട്ടശേഷം യാത്ര തുടര്‍ന്നു..

       ഉച്ചയോടെ ഞങ്ങള്‍ കോഴിക്കോട് പട്ടണത്തിലെത്തിച്ചേര്‍ന്നു. വാഹനം നേരെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ അധീനതയിലുള്ള സയന്‍സ്പാര്‍ക്കിലേക്കും ഒപ്പമുള്ള പ്ലാനറ്റേറിയത്തിലേക്കും കടന്നു. രണ്ടാം ശനിയുടെ അവധിയായതിനാല്‍ തിരക്ക് അധികമായിരുന്നു. ടിക്കറ്റ് ലഭിച്ചത് വൈകുന്നേരത്തെ പ്രദര്‍ശനത്തിന്. നേരം കളയാതെ ഉച്ച ഭക്ഷണം കഴിച്ച് ഞങ്ങല്‍ ശാസ്ത്ര വിസ്മയങ്ങളുടെ ലോകത്തേക്ക് കടന്നു. സങ്കീര്‍ണമായ ശാസ്ത്ര രഹസ്യങ്ങല്‍ എത്ര ലളിതമായാണ് നമുക്ക് നേരിട്ട് അനുഭവവേദ്യമാക്കിത്തരുന്നത്. ഞങ്ങളുടെ വിദ്യാലയത്തിലും അത്തരമൊന്ന് സ്വപ്നം കാണാനേ നമുക്കിന്ന് സാധിക്കൂ... 







   പ്ലാനറ്റേറിയത്തിനോട് ചേര്‍ന്ന മായാജാലക്കാഴ്ചകള്‍ എല്ലവരും ആസ്വദിച്ചു. ആണിക്കിടക്കയും അവസാനിക്കാത്ത തീവണ്ടിപ്പാതയും ഇടിമിന്നലും  എല്ലാം എല്ലാം.. കൂട്ടുകാര്‍ ആസ്വദിച്ച് കണ്ണാടികളാല്‍ അലംകൃതമായ രാവണന്‍ കോട്ടയായിരുന്നു. എത്ര നടന്നിട്ടും അവസാനിക്കാത്ത വഴികള്‍. ഫമ്‍ സയന്‍സും ജ്യോതിശാസ്ത്ര പവലിയനും എത്ര കടുത്ത സാസത്ര വിരോധിയേയും ശാസ്ത്രത്തിന്റെ തോഴനാക്കുമെന്നതില്‍ സംശയമില്ല..







       കണ്ണടകള്‍ ധരിച്ച് ഞങ്ങള്‍ 3ഡി ഷോ കാണാനെത്തി. ഹാളില്‍ ഞങ്ങള്‍ മാത്രം. മനുഷ്യര്‍ ചന്ദ്രനില്‍ കാല്‍കുത്തിയ മനുഷ്യരുടെ ആനിമേഷന്‍ 3 ഡി ചിത്രം നമ്മുടെ കൈയെത്തും ദൂരത്ത് ഇതള്‍ വിരിഞ്ഞു.തുടര്‍ന്ന് പ്ലാനറ്റേറിയത്തിലേക്ക്. സൗരയൂഥ കഥ പക്ഷെ പ്രതീക്ഷിത നിലവാരം പുലര്‍ത്തിയില്ല. എങ്കിലും ഞങ്ങളേതോ വിസ്മയലോകത്തെത്തിയ പ്രതീതി. ഗ്രഹങ്ങള്‍ക്കും സൂര്യനും ആകാശ ഗംഗംക്കും മറ്റ് ഗ്യാലക്സികള്‍ക്കുമൊപ്പം നമ്മളും പ്രകാശവേഗതയില്‍ സഞ്ചരിച്ചു.കാണാത്ത ലോകങ്ങള്‍ സ‍ഞ്ചരിച്ചു.

         കോഴിക്കോട് ബീച്ചിലെ കടല്‍ക്കാറ്റേറ്റ്, കടലിനോട് കിന്നാരം പറഞ്ഞ് അല്പനേരം വീണ്ടു. കച്ചവടക്കാരുടെ തിരക്ക്. മാലയും വളയും പീപ്പിയും കണ്ണടയും മറ്റും മറ്റും കുട്ടികളുടെ കൈയിലെത്തി. അവരുടെ കീശയിലെ പണം കച്ചവടക്കാരുടെ കീശയിലേക്കും താമസം മാറി. 



       വീണ്ടും നടത്തം. കടല്‍ക്കാറ്റേറ്റ്.. ലക്ഷ്യം ബീച്ച് അക്വേറിയം. പലജാതി മത്സ്യങ്ങള്‍, പക്ഷികള്‍, മറ്റ് ജീവികള്‍ എന്നിവയെ വളരെ അടുത്തു കണ്ടു. പക്ഷെ അവിടേക്ക് ഞങ്ങളെ എതിരേറ്റത് വലുപ്പത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന എമുവിന് കടല കൊടുത്ത് തന്റെ സാന്നിധ്യം ഉറക്കെ പ്രഖ്യാപിക്കുന്ന പക്ഷി വളര്‍ത്തുകാരനെയാണ്. കുട്ടികളില്‍ പലരും എമുവിനെ തൊട്ട് സായൂജ്യരായി. 





        കച്ചവടക്കാരുടെ കണ്ണില്‍ നിന്ന് കുട്ടികളെ സംരക്ഷിച്ചെടുക്കാന്‍ അധ്യാപകര്‍ ഏറെ പണിപ്പെട്ടു. നേന്ത്രപ്പഴം കഴിച്ച് വിശപ്പടക്കിയപ്പോഴേക്കും ചോക്കോബാര്‍ കുട്ടികളെ തേടിയെത്തി. ചോക്കോബാര്‍ നുണ‍ഞ്ഞ് ഇല്ലാതായതോടെ അസ്തമനക്കാഴ്ചകള്‍ കണ്ടു. സൂര്യന്‍ ചുവന്ന ഗോളമായി അറബിക്കടലിലെ ഓളപ്പരപ്പില്‍ അലിഞ്ഞ് ഇല്ലാതായി. ഇനി മടക്കയാത്ര. പാട്ടും നൃത്തവും കളിയും സിനിമയും ... രാത്രിയോടെ വിദ്യാലയത്തിലെത്തി. കുട്ടികളെയെല്ലാം രക്ഷിതാക്കളെ ഏല്പിച്ചതോടെ അധ്യാപകരും ഫ്രീയായി..