2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Saturday, 31 December 2016

പുതുവത്സരാശംസകള്‍

കലണ്ടർ

    നാളെ പുതുവര്‍ഷം പിറക്കുകയാണ്. കാലചക്രത്തിന്റെ തിരിച്ചലില്‍ വീണ്ടും ഒരു കലണ്ടര്‍ വര്‍ഷം കൂടി. എല്ലാവര്‍ക്കും സമാധാനവും സമൃദ്ധിയും നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു.
പുതുവര്‍ഷത്തിനൊപ്പം ചില ചിന്തകള്‍ കൂടി...

എന്താണ് കലണ്ടര്‍ ?
    സാമൂഹിക, സാമ്പത്തിക, മതപര, ഭരണ ആവശ്യങ്ങൾക്കായി ഒരു നിശ്ചിതകാലയളവിലെ ദിവസങ്ങളെ അവയുടെ ആവർത്തനപ്രത്യേകതകളോടെ ക്രമീകരിച്ച് മനുഷ്യജീവിതം ചിട്ടപ്പെടുത്തുന്നതിനുള്ള ഒരു സം‌വിധാനമാണ് കലണ്ടർ. ഈ ക്രമീകരണം നടത്തുന്നത് ഒരു നിശ്ചിത അളവ് സമയത്തിന് ദിവസം എന്നും, അതിന്റെ വിവിധ ഗുണിതങൾക്ക് ആഴ്ച, മാസം, വർഷം എന്നിങ്ങനെ പേരുകൾ നൽകിയുമാണ്. ആകാശഗോളങ്ങളായ സൂര്യന്റെ / ചന്ദ്രന്റെ ചലനമാണ് കാലഗണനയുടെ ആധാരം.

    പല സംസ്കാരങ്ങളും സമൂഹങ്ങളും മുമ്പുള്ളവ മാതൃകയാക്കി പുതിയ കലണ്ടറുകൾ നിർമിച്ചിട്ടുണ്ട്. ഓരോരുത്തരും തങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് കലണ്ടറിൽ ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തി.

      ലോകത്തൊരുവിധം എല്ലായിടത്തും പിന്തുടർന്നുവരുന്ന ഒരു കാലഗണനാരീതിയാണ് ഗ്രിഗോറിയൻ കാലഗണനാരീതി. ജൂലിയൻ കാലഗണനാരീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാണ് ഈ രീതി വികസിപ്പിച്ചിരിക്കുന്നത്. ഗ്രിഗോറിയൻ കാലഗണനാരീതി സൂര്യനെ അടിസ്ഥാനമാക്കിയുള്ള ഒരു കാലഗണനാരീതിയാണ്. ഈ രീതിയിൽ ദിവസമാണ് സമയത്തിന്റെ അടിസ്ഥാന ഘടകം. സാധാരണ രീതിയിൽ 365 ദിവസങ്ങളും, അധിവർഷങ്ങളിൽ 366 ദിവസങ്ങളും ആണ് ഒരു വർഷമായി കണക്കാക്കുന്നത്. ഓരോ ഗ്രിഗോറിയൻ വർഷവും പന്ത്രണ്ട് മാസങ്ങളായി വിഭജിച്ചിട്ടുണ്ട്, ഓരോ മാസങ്ങളിലും ഉള്ള ദിവസങ്ങളുടെ എണ്ണം വ്യത്യസ്തമായിരിക്കും.


      നിത്യജീവിതത്തിൽ എളുപ്പത്തിൽ ഉപയോഗപ്പെടുത്താനാകുംവിധം കലണ്ടർ സം‌വിധാനം രേഖപ്പെടുത്തിവക്കുന്ന ഭൗതിക വസ്തുവിനേക്കൂടി കലണ്ടർ എന്നു പറയയാറുണ്ട്. ഈ വാക്കിന്റെ ഏറ്റവും വ്യാപകമായ ഉപയോഗം ഈ അർത്ഥത്തിലാണ്. ഇത് മിക്കവാറും കടലാസ് കൊണ്ടുള്ളതായിരിക്കും. കമ്പ്യൂട്ടർ‌വൽകൃത കലണ്ടറുകളും ഇന്നുണ്ട്. ചെയ്യാനുള്ള കാര്യങ്ങൾ കൃത്യ സമയത്ത് ഓർമപ്പെടുത്തുന്ന രീതിയിൽ ഇവയെ ക്രമീകരിക്കാം
ജൂലിയന്‍ കലണ്ടരിലെ മാസങ്ങള്‍
  • ജനുവരി
റോമൻ സാഹിത്യത്തിലെ ആരംഭങ്ങളുടെ ദൈവമായ ജാനസ് ലാനുയാരിയസ് എന്ന ദേവന്റെ പേരാണ് ഗ്രിഗോറിയൻ കലണ്ടറിലെ ആദ്യമാസമായ ജനുവരിയ്ക്ക് നൽകിയിരിയ്ക്കുന്നത്.
  • ഫെബ്രുവരി
ലാറ്റിൻ ഭാഷയിൽ ശുദ്ധീകരണംഎന്നർത്ഥം വരുന്ന ഫെബ്രും എന്ന വാക്കിൽ നിന്നാണ് ഈ പേര് നൽകിയിരിയ്ക്കുന്നത്.
  • മാർച്ച്
റോമാക്കാരുടെ യുദ്ധദേവനായിരുന്ന മാർസ്ഇൽ നിന്നാണ് ഈ പേര് വന്നത്.
  • ഏപ്രിൽ
തുറക്കുക എന്നർത്ഥം വരുന്ന aperire എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് ഈ പേര് വന്നത്. വസന്തത്തിന്റെ തുടക്കമാണ് ഇവിടെ ഉദ്ദേശിച്ചിരിയ്ക്കുന്നത്.
  • മേയ്
ഗ്രീക്ക് ദേവതയായ മായിയയുടെ പേരാണ് ഈ മാസത്തിന് നൽകിയിരിയ്ക്കുന്നത്.
  • ജൂൺ
ജൂപിറ്റർ ദേവന്റെ ഭാര്യയായി പുരാതന റോമക്കാർ കരുതിയിരുന്ന ജൂനോയിൽ നിന്നുമാണ് ജൂൺ എന്ന പേർ സ്വീകരിച്ചത്.
  • ജൂലൈ
ക്വിന്റിലസ്എന്ന് ആദ്യം പേർ നൽകി. ശേഷം ജൂലിയസ് സീസർ ജനിച്ചത് ഈ മാസത്തിലായതിനാൽ ജുലൈ എന്ന് പുനർനാമകരണം ചെയ്തു.
  • ഓഗസ്റ്റ്
പുരാതന റോമൻ കലണ്ടരിൽ ആറാമത്തെ മാസമായി കരുതിയിരുന്നതിനാൽ ആറാമത്എന്നർത്ഥം വരുന്ന സെക്റ്റിലിസ്എന്ന ലാറ്റിൻ വാക്കാണ് ആദ്യം ഉപയോഗിച്ചത്. പിന്നീട് അഗസ്റ്റസ് ചക്രവർത്തിയുടെ ബഹുമാനാർത്ഥം ഓഗസ്റ്റ് എന്ന പേര് നൽകി.
  • സെപ്റ്റംബർ
ലാറ്റിൻ ഭാഷയിൽ ഏഴ് എന്ന് അർത്ഥം വരുന്ന സെപ്റ്റംഎന്ന പദം ആണ് പേരിനടിസ്ഥാനം.
  • ഒക്ടോബർ
ലാറ്റിൻ ഭാഷയിൽ എട്ട് എന്നർത്ഥം വരുന്ന ഒക്റ്റോ എന്ന പദമാണ് പേരിനടിസ്ഥാനം
  • നവംബർ
ഒൻപത് എന്നർത്ഥം വരുന്ന നോവംഎന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് ഈ പേര് സ്വീകരിച്ചത്.
  • ഡിസംബർ
ലാറ്റിൻ ഭാഷയിൽ പത്ത് എന്നർത്ഥം വരുന്ന ഡിസം‌ബർ റോമൻ കലണ്ടറിൽ പത്താമത്തെ മാസമായിരുന്നു.


  മലയാളികളായ നമ്മുടെ സ്വന്തം കലണ്ടറായ കൊല്ലവര്‍ഷ കലണ്ടറിലെ ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള മാസങ്ങള്‍ നമുക്കൊക്കെ പരിചിതമാണല്ലോ. നമ്മുടെ ദേശീയ കലണ്ടര്‍ ശകവര്‍ഷ കലണ്ടറാണ്. പെരുന്നാള്‍ ആഘോഷത്തിന് നാം സ്വീകരിക്കുന്നത് ഹിജറ വര്‍ഷകലണ്ടരിനെയാണ്. ഇങ്ങനെ കലണ്ടര്‍ വിശേഷങ്ങള്‍ ഇനിയും ഏറെയുണ്ട്

          ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും 2017ക്രിസ്തുവര്‍ഷാഗമന ആശംസകള്‍

Sunday, 25 December 2016

കളരി പരിശീലനം ആരംഭിച്ചു


     സര്‍വ്വശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ആയോധന പരിശീലനത്തിന്റെ ഭാഗമായി വിദ്യാലയത്തില്‍ കളരി പരിശീലനം ആരംഭിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ.അബ്ദുള്‍ റഹ്മാന്റെ അധ്യക്ഷതയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ.പി.പി. അശോകന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു



            ബി.ആര്‍.സി ട്രെയിനര്‍ ശ്രീമതി ടീച്ചര്‍ പദ്ധതി വിശദീകരണം നടത്തി

   പ്രസിദ്ധ കളരി പരിശീലകനായ ശ്രീ.കെ. നാണു ആശാനാണ് പരിശീലനം നയിക്കുന്നത്



ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ. അബ്ദുള്‍ ഖാദര്‍, എസ്.എം.സി ചെയര്‍മാന്‍ ശ്രീ.കെ..ഷാജി, മദര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീമതി സാവിത്രി ടീച്ചര്‍ രജനി, കാവുമ്പടി സി.എച്ച്.എം.എച്ച്.എസ്.എസിലെ പ്രഥമാധ്യാപകന്‍ തുടങ്ങിയവര്‍ ആശംസ അറിയിച്ചു. യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍മാനും പി.ടി.എ പ്രസിഡണ്ടും ചേര്‍ന്നി നിര്‍വ്വഹിച്ചു.

      ഹെഡ്മാസ്റ്റര്‍ ശ്രീ.പി.വി.ദിവാകരന്‍ സ്വാഗതവും സി.ആര്‍.സി കോ-ഓഡിനേറ്റര്‍ ശ്രീമതി.കെ.കെ.ലിജിന ചടങ്ങിന് നന്ദി അറിയിച്ചു
                                          



    മുഴക്കുന്ന് കളരിയിലെ പെണ്‍കുട്ടികള്‍ കളരി അഭ്യാസങ്ങള്‍ പ്രദര്‍ശിപ്പിച്ചത് കുട്ടികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് നല്‍കി



Friday, 23 December 2016

ക്രിസ്തുമസ് പുതുവത്സരാശംസകള്‍

അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം
സന്മനസ്സുള്ളവര്‍ക്ക് ഭൂമിയില്‍ സമാധാനം

      തിരുപ്പിറവിയുമായി ഒരു ക്രിസ്തുമസ് കാലം കൂടി വരവായി. ഭൂമിയിലെ എല്ലാ മനുഷ്യരുടെയും നന്മ കാംക്ഷിച്ച യേശുദേവന്റെ പിറന്നാള്‍ ദിനമായാണ് ക്രിസ്തുമത വിശ്വാസികള്‍ ക്രിസ്തുമസ് ആഘോഷിക്കുന്നതെങ്കിലും അത് മതാതീതമായ ആഘോഷമായി മാറിയിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ പുതുക്കാനുമുള്ള അവസരമായാണ്‌ ഈ ദിവസം കണക്കാക്കപ്പെടുന്നത്‌.

    വിദ്യാലയത്തിലും ക്രിസ്തുമസ് ആഘോഷപരിപാടികള്‍ നടന്നു. ഹെഡ്മാസ്റ്റര്‍ ശ്രീ.പി.വി.ദിവാകരന്‍ മാസ്റ്റര്‍ കേക്ക് മുറിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. പുതുവത്സരാശംസകളും ക്രിസ്തുമസ് ആശംസകളും നേര്‍ന്നു. 7 ബി ക്ലാസിലെ കുട്ടികള്‍ തയ്യാറാക്കിയ പുല്‍ക്കൂട് ഏറെ മനോഹരമായിരുന്നു.
      

       



വിദ്യാലയത്തെ സ്നേഹിക്കുന്ന എല്ലാ സുമനസ്സുകള്‍ക്കും ഹൃദയം നിറഞ്ഞ നവവത്സരാശംസകള്‍

Thursday, 22 December 2016

കളരി പരിശീലനം



വിദ്യാഭ്യാസത്തിന്റെ പരമപ്രധാന ലക്ഷ്യങ്ങളിലൊന്ന് കുട്ടികളില്‍ ആത്മവിശ്വാസമുണ്ടാക്കുക എന്നതാണ്. ശാരീരികവും മാനസികവുമായ കരുത്താര്‍ജ്ജിക്കുമ്പോഴാണ് അവര്‍ ജീവിതത്തെ വിജയകരമാക്കിത്തീര്‍ക്കുന്നത്. ശാരീരികമായ കരുത്താര്‍ജിക്കുന്നതിന് ചിട്ടയായ വ്യായാമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. അതിന് കൂടുതല്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍വ്വശിക്ഷാ അഭിയാനുമായി ചേര്‍ന്ന് പെണ്‍കുട്ടികള്‍ക്കായുള്ള കളരി പരിശീലനം ആരംഭിക്കുന്നത്. വിദ്യാലയത്തിലെ കളരി പരിശീലനത്തിന്റെ ഉദ്ഘാടനം 2016 ഡിസംബര്‍ 24 ന് വിദ്യാലയത്തില്‍ നടക്കും.

Sunday, 11 December 2016

നബിദിനാശംസകള്‍


    ഇസ്ലാം ആചാരപ്രകാരം അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനം അഥവാ മീലാദുന്നബി എന്ന് പറയുന്നത്. ക്രിസ്തുവര്ഷം 571 ഏപ്രിൽ 21 ന് പുലർച്ചെ സുബ്‌ഹിയോട് അടുത്ത സമയത്താണ് മുഹമ്മദ് നബി ജനിച്ചത്. മുഹമ്മദ് നബി മരണപ്പെട്ടതും അറുപത്തിമൂന്നാം വയസ്സിൽ ഇതെ ദിവസം തന്നെയാണ്. ഹിജ്ര വർഷം റബീഉൽ അവ്വൽ 12നാണ് നബിദിനം. ലോകത്ത് നബിദിനം വിവിധ രൂപത്തിൽ ആഘോഷിച്ചു വരുന്നു. കേരളത്തിൽ കേളത്തിൽ മദ്രസകൾ കേന്ദ്രീകരിച്ച് കുട്ടികളുടെ കലാ പരിപാടികളും നബിദിനറാലികളും നടന്നുവരുന്നു. അന്നദാനം, മൗലീദ് മജ്‌ലിസ്, പ്രവാചക പ്രകീർത്തനം എന്നിവ നടന്നുവരുന്നു.

പ്രവാചകന്റെ ജന്മദിനത്തില്‍ എല്ലാവര്‍ക്കും നബിദിനാശംസകള്‍

Thursday, 8 December 2016

ഹരിതകേരളം


പച്ചയിലൂടെ വൃത്തിയിലേക്ക് ഹരിതകേരളം

ശുദ്ധജലവും ശുദ്ധവായുവും ജൈവകാര്‍ഷികോല്പന്നങ്ങളും സമൃദ്ധമായി കിട്ടുന്നയിടമാക്കി കേരളത്തെ വീണ്ടെടുക്കുവാനുള്ള ഒരു പരിശ്രമമാണ് ഹരിതകേരളം എന്ന ബൃഹദ്‌പദ്ധതി. 'Clean through green' (പച്ചയിലുടെ വൃത്തിയിലേക്ക്) എന്നതാണ് ഈ പദ്ധതി ഉയര്‍ത്തുന്ന മുദ്രാവാക്യം. ഹരിതകേരളം പദ്ധതിയുടെ കേരളത്തിലെ കുളങ്ങളും നദികളും കായലുകളും തടാകങ്ങളും എന്ന് വേണ്ട സമസ്ത ജലസ്രോതസുകളും ജലസംഭരണികളും മാലിന്യമുക്തമാക്കും. ഖരമാലിന്യം സംസ്കരിച്ച് ജൈവവളമുണ്ടാക്കി പച്ചക്കറിയടക്കമുള്ള വിളകള്‍ കൃഷി ചെയ്ത് ഒരു ഹരിതകേരളം സൃഷ്ടിക്കും.

ഓരോ പഞ്ചായത്തിലും ആവശ്യമായതിന്റെ അമ്പത് ശതമാനം കാര്‍ഷികവിളകളെങ്കിലും ആദ്യഘട്ടത്തില്‍ ജൈവരീതിയില്‍ ഉല്പാദിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്തും. സൗരോര്‍ജം, കാറ്റ് എന്നിവയുടെ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പദ്ധതികള്‍ ഇതോടൊപ്പം നടപ്പിലാക്കും. സ്വകാര്യമേഖലയില്‍ നിന്നുള്‍പ്പടെ ആയിരിക്കും ഇതിനാവശ്യമായ ഫണ്ട് സ്വരൂപിക്കുക. വലിയ തോതിലുള്ള ജനപങ്കാളിത്തം ആവശ്യമുള്ള പദ്ധതിയാണിത്. എല്ലാ വിഭാഗം ജനങ്ങളും ഈ ബൃഹദ്‌പദ്ധതിയുമായി സഹകരിക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുന്നു.

ഹരിത കേരളം പദ്ധതിയുടെ വിദ്യാലയ തല ഉദ്ഘാടനം ഇരിട്ടി മുനിസിപ്പല്‍ കൗണ്‍സിലര്‍ ശ്രീ.എം.പി. അബ്ദുള്‍റഹ്മാന്‍ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ. അബ്ദുള്‍റഹ്മാന്‍, എസ്.എം.സി ചെയര്‍മാന്‍ ശ്രീ.ഷാജി എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ.പി.വി.ദിവാകരന്‍ മാസ്റ്റര്‍ സ്വാഗതമാശംസിച്ചു. പി.ടി.എ വെസ് പ്രസിഡണ്ട് ശ്രീ.പ്രകാശന്‍, എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി രജനി , പി.ടി.എ അംഗങ്ങള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.



ചടങ്ങില്‍ വെച്ച് ഡയലോഗ് സെന്റര്‍ ഉളിയില്‍ പ്രവര്‍ത്തകര്‍ സ്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ നല്‍കി. ശ്രീ.ഹാഷിം നല്‍കിയ പുസ്തകങ്ങള്‍ സ്കൂള്‍ ലീഡര്‍ അവിഷ്ണയും രജീഷ് മാഷും ചേര്‍ന്ന് ഏറ്റുവാങ്ങി. സജിത്ത് മാഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തുടര്‍ന്ന് സ്കൂളിലെ പച്ചക്കറിത്തോട്ടത്തിലെ വിത്തിടീല്‍ പ്രവൃത്തികളുടെ ഉദ്ഘാടനം കൗണ്‍സിലര്‍ നിര്‍വ്വഹിച്ചുകൃഷി അസിസ്റ്റന്റ് ശ്രീമഹേഷ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.




പോളിത്തീന്‍ വിമുക്ത വിദ്യാലയം യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇതോടെ തുടക്കമായി.