2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Sunday, 24 June 2018

ഹലോ ഇംഗ്ലീഷ്

വിദ്യാർത്ഥികൾക്ക് പുത്തൻ ഉണർവുകൾ നൽകി ഹലോ ഇംഗ്ലീഷ് ക്ലാസുകൾ




വായന ദിനം

ജൂണ്‍ 19 വായനാദിനം .ഗ്രന്ഥശാലാപ്രസ്ഥാന സ്ഥാപകനും ഒരു ജനതയ്ക്ക് വായനയുടെ മൂല്യം പകര്‍ന്നുകൊടുക്കുകയും അതിനുവേണ്ടി ജീവിതം സമര്‍പ്പിക്കുകയും ചെയ്ത മഹാനായ പി.എന്‍.പണിക്കരുടെ ചരമദിനം നാം വായനാദിനമായി ആചരിക്കുന്നു.ആ മഹാനുഭാവന്‍െറ സ്മരണകള്ക്കുമുമ്പില്‍ പ്രണാമമര്‍പ്പിക്കുന്നു...

വായനദിനത്തിന്റെ ഭാഗമായി ഉളിയിൽ ഗവ.യു.പി സ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു.. 



ഹെഡ്മാസ്റ്റർ ശ്രീ.പി.വി.ദിവാകരൻ മാസ്റ്റർ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ഉണർത്തി.. 




വിദ്യാർത്ഥികളായ ശ്രീനന്ദ, ഫെമിന എന്നിവർ പി.എൻ.പണിക്കർ അനുസ്മരണം നടത്തി.. 


 വിദ്യാരംഗം കലാ സാഹിത്യവേദി കൺവീനർ ശ്രീ.പി.വി.രജീഷ് വായനാ വാചാരത്തിന്റെ ഭാഗമായി നടക്കേണ്ട പരിപാടികൾ വിശദീകരിച്ചു.. 



പോസ്റ്റർ രചന, ആസ്വാദന കുറിപ്പ് മത്സരം, കവിതാലാപന മത്സരം തുടങ്ങിയ വിവിധ പരിപാടികൾ ഒരാഴ്ചക്കാലയളവിൽ വിദ്യാലയത്തിൽ വെച്ച് നടക്കും...

Friday, 15 June 2018

പ്രവേശനോത്സവം 2018

കളിയും ചിരിയുമായി അറിവിന്റെ ആദ്യാക്ഷരം നുകർന്ന് വിദ്യാലയത്തിന്റെ തിരുമുറ്റത്തേക്ക്.....
   ഉളിയിൽ ഗവ.യു.പി സ്കൂളിലെ 2018-19 അധ്യായന വർഷത്തിലെ പ്രവേശനോത്സവം 2018 ജൂൺ 12ന് ആഘോഷപൂർവ്വം നടന്നു...

    ഹെഡ്മാസ്റ്റർ ശ്രീ.പി.വി.ദിവാകരൻ മാസ്റ്ററുടെ സ്വാഗത ഭാഷണത്തോടെ ആരംഭിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ശ്രീ.കെ.അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.. 

                      

    ഇരിട്ടി നഗരസഭ കൗൺസിലർ ശ്രീ.എം.പി.അബ്ദുറഹിമാൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

                       


        വിദ്യാലയത്തിൽ നിന്ന് LSS-USS പരീക്ഷയിൽ വിജയം നേടിയവരെ ശ്രീമതി മറിയം ടീച്ചർ അനുമോദിച്ചു.. SSLC പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ നേടിയ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളെ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ.പി.പി.ഉസ്മാനും അനുമോദിച്ചു. 

                        









   ചടങ്ങിൽ പി.ടി.എ, എസ്.എം.സി, മദർ പി.ടി.എ ഭാരവാഹികൾ സംസാരിച്ചു. വിദ്യാലയത്തിൽ പുതുതായി ചേർന്ന കുരുന്നുകൾക്ക് കിറ്റുകൾ വിതരണം   ചെയ്തു... 

 
          സ്റ്റാഫ് സെക്രട്ടറി ശ്രീമതി.സി.എച്ച്.സീനത്ത് ടീച്ചർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി..



     പി.ടി.എ യുടെ വകയായി വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മധുര പലഹാര വിതരണവും നടന്നു.....

Monday, 11 June 2018

പ്രവേശനോത്സവം


  പുതുമഴയും പുത്തന്‍ കുടയും ചൂടി അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നുകര്‍ന്ന് വിശ്വമാനവനാവാനുള്ള തയ്യാറെടുപ്പോടെ ഒരു അധ്യയനവര്‍ഷം കൂടി സമാഗതമാവുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നിപ്പ പനിയുടെ പശ്ചാത്തലത്തില്‍ ജൂണ്‍ 1 ന് ആരംഭിക്കേണ്ടിയിരുന്ന സ്കൂള്‍ പ്രവേശനോത്സവങ്ങള്‍ ഒരാഴ്ചയലധികം കടന്ന് ജൂണ്‍ 12 ന് നടക്കുകയാണ്. വിദ്യാലയങ്ങള്‍ സര്‍ഗവസന്തങ്ങളെ സ്വീകരിക്കാനായി സജ്ജമാക്കപ്പെട്ടു കഴിഞ്ഞു. വിദ്യാഭ്യാസ സംരക്ഷണ യജ്ഞങ്ങള്‍ പൊതു വിദ്യാഭ്യാസത്തിന്റെ ശക്തി സമൂഹത്തിലേക്ക് പകര്‍ന്നതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയങ്ങള്‍ കൂടുതല്‍ സ്വീകാര്യത നേടുകയും പ്രവേശനം നേടിയ കുട്ടികളുടെ വര്‍ദ്ധനവിലൂടെ അത് പ്രകടിതമാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

             

       അധ്യാപനവും അദ്ധ്യയനവും ചേരുന്നതാണ് വിദ്യാഭ്യാസം. ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് സംസ്കാരവും മനുഷ്യ സമൂഹം ആര്‍ജ്ജിച്ച സഞ്ചിത അറിവും പ്രക്രിയാബന്ധിതമായി പകർന്നു നൽകപ്പെടുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്. കൂടുതല്‍ നല്ല മനുഷ്യരായി സമൂഹത്തിന് ഉപകരിക്കുന്ന ഭാവി പൗരന്മാരായി വളരാന്‍ എല്ലാ കൂട്ടുകാര്‍ക്കും കഴിയട്ടെ എന്ന് ഹൃദയംഗമമായി ആശംസിക്കുന്നു.


    കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 43 കുട്ടികള്‍ കൂടുതലായി നമ്മുടെ വിദ്യാലയത്തില്‍ പഠിക്കാനെത്തി എന്ന സന്തോഷം കൂടി ഈ അവസരത്തില്‍ പങ്ക് വെക്കുന്നു