2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Monday, 19 June 2017

വായനാവാരം

        കേരളത്തെ വായിക്കാന്‍ പഠിപ്പിച്ച ശ്രീ.പുതുവായില്‍ നാരായണപ്പണിക്കരുടെ ചരമദിനമാണ് ജൂണ്‍ 19. ആ പുണ്യപുരുഷന്റെ ഓര്‍മ്മയില്‍ ജൂണ്‍ 19 വായനാദിനമായും തുടര്‍ന്നുള്ള ഒരാഴ്ചക്കാലം വായനാവാരമായും കേരളത്തിലങ്ങോളമിങ്ങോളം ആചരിക്കപ്പെടുന്നു. മനുഷ്യമനസ്സിനെ വിമലീകരിക്കാന്‍ വായനയില്‍ കവിഞ്ഞൊന്നുമില്ലെന്ന് തിരിച്ചറിയുകയും അവന്റെ കൈയില്‍ പുസ്തകം കൊടുത്ത് വായിപ്പിക്കുകയും അതിനായുള്ള സൗകര്യങ്ങള്‍ ഗ്രന്ഥശാലകളില്‍ ഒരുക്കിക്കൊടുക്കുകയും അതിനായ ഗ്രന്ഥശാലകളെ സംഘടിത സംസ്കാരിക പ്രസ്ഥാനമാക്കി ഗ്രന്ഥശാലാസംഘമാക്കി പരിവര്‍ത്തിപ്പിക്കുകയും ചെയ്ത മഹാനുഭാവനാണ് പി.എന്‍.പണിക്കര്‍. ഈ വായനാദിനത്തില്‍ നമുക്കും പ്രതിജ്ഞയെടുക്കാം വായിച്ചു വളരാനും വിളയാനുമായി...

     വായനാവാരത്തോടനുബന്ധിച്ച് വിദ്യാലയത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. വായനാവാരത്തോടനുബന്ധിച്ച ചേര്‍ന്ന അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ ദിനാചരണത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. ശ്രീമതി സിനി ടീച്ചര്‍ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികള്‍ വായനയുടെ മഹത്വം ഉദ്ഘോഷിക്കുന്ന കവിതകള്‍ ആലപിച്ചു. പോസ്റ്ററുകളുടെ പ്രദര്‍ശനവും നടത്തി.




      ഉച്ചക്ക് 2 മണിക്ക് ചേര്‍ന്ന വായനാവാരാചരണത്തിന്റെ ഉദ്ഘാടനസമ്മേളനത്തില്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ.അബ്ദുള്‍ ഖാദര്‍ അധ്യക്ഷനായിരുന്നു. സുപ്രസിദ്ധ സാഹിത്യകാരന്‍ ശ്രീ.ബാബുരാജ് അയ്യല്ലൂര്‍ വളരെ സരസമായി കുട്ടികളെ കൈയിലെടുത്ത് വായനാവാരാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശ്രീമതി സിനി ടീച്ചര്‍ പി.എന്‍.പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി.








വിദ്യാലയത്തില്‍ നിന്നും യു.എസ്.എസ് നേടിയ താരാനാഥിനെ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ.അബ്ദുറഹ്മാന്‍ ഉപഹാരം നല്‍കി അനുമോദിച്ചു. മദര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീമതി രജനി, സ്റ്റാഫ് സിക്രട്ടറി ശ്രീമതി സീനത്ത്, ശാസ്ത്രാധ്യാപിക ശ്രീമതി ലസിക, ലൈബ്രറി ചുമതലയുള്ള ശ്രീമതി ശ്രീബ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ.പി.വി.ദിവാകരന്‍ സ്വാഗതവും വിദ്യാരംഗം കണ്‍വീനര്‍ ശ്രീമതി ശ്രീജ നന്ദിയും പറഞ്ഞു.













   വിദ്യാലയത്തില്‍ പുതുതായി സജ്ജീകരിച്ച വായനാമുറിയുടെയും ആനുകാലിക പ്രദര്‍ശനത്തിന്റേയും ഉദ്ഘാടനവും കൗണ്‍സിലര്‍ ശ്രീ.അബ്ദുറഹ്മാന്‍ നിര്‍വ്വഹിച്ചു.








      തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലൈബ്രറി പരിചയം, ക്ലാസ് റൂം ലൈബ്രറി രൂപീകരണം, പുസ്തക വിതരണം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍, അമ്മ വായന, വായനാ മത്സരം, സാഹിത്യ ക്വിസ്, ഡോക്യുമെന്ററി പ്രദര്‍ശനം, പോസ്റ്റര്‍ രചന വായനാക്കൂട്ടം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കും.

Wednesday, 14 June 2017

യു.എസ്.എസ്. വിജയം

       അക്കാദമിക മികവാണ് ഒരു വിദ്യാലയത്തിന്റെ ആത്യന്തിക മികവ് എന്ന് ഞങ്ങള്‍ മനസിലാക്കുന്നു. ഈ വഴിയിലെ വിദ്യാലയത്തിന്റെ അഭിമാനമായി മാറാന്‍ ഈ വര്‍ഷത്തെ യു.എസ്.എസ് നേടിക്കൊണ്ട് നമ്മുടെ വിദ്യാര്‍ത്ഥി മാസ്റ്റര്‍ താരാനാഥിന് സാധിച്ച സന്തോഷം പങ്കുവെക്കുന്നു. താരാനാഥിനും പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. 

Sunday, 11 June 2017

പരിസര ദിനാഘോഷം

      ഐക്യരാഷ്ടസഭയുടെ പരിസ്ഥിതി സംഘടനയായ യു.എന്‍.ഇ.പി യുടെ നേതൃത്വത്തില്‍ നമ്മുടെ മാതൃഗ്രഹമായ ഭൂമിയെ സംരക്ഷിക്കാനുള്ള സന്ദേശം നല്‍കിക്കൊണ്ട് എല്ലാ വര്‍ഷവും ജൂണ്‍ 5 പരിസരദിനമായി ലോകമെങ്ങും ആഘോഷിക്കുകയാണ്. മനുഷ്യനെ പ്രകൃതിയുമായി ഇണക്കുക എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതിദിന സന്ദേശം. വിദ്യാലയത്തില്‍ പരിസരദിനം സമുചിതമായി ആചരിച്ചു. ഹെഡ്മാസ്റ്റര്‍ അസംബ്ലിയില്‍ പരിസര ദിനത്തിന്റെ പ്രസക്തിയും പാശ്ചാത്തലവും വിശദീകരിച്ചു. 



      ക്ലാസിനൊരു കറിവേപ്പ് പദ്ധതിയുടെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ.അബ്ദുറഹ്മാന്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ കര്‍ഷകനായ ശ്രീ. കൃഷ്ണേട്ടനും തൈ നട്ടു. എല്ലാ ക്ലാസുകള്‍ക്കുമുള്ള തൈച്ചെടികളുടെ വിതരണവും നടന്നു.  






കുട്ടികള്‍ പരിസര ദിന കവിതകള്‍ ആലപിച്ചു.സ്കൂള്‍ ചുമരില്‍ സജ്ജീകരിച്ച ക്യാന്‍വാസില്‍ എല്ലാ കുട്ടികളും ചേര്‍ന്ന് പരിസരദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ കൂട്ടമായി വരച്ചു. എല്ലാ കുട്ടികള്‍ക്കും പുതിയ അനുഭവമായിരുന്നു കൂട്ടച്ചിത്രരചന. 








     ഉച്ചക്ക് പരിസര ദിന ക്വിസ് മത്സരം നടന്നു. കാര്‍ത്തിക, സിന്‍ജില എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. സ്വന്തമായി നിര്‍മ്മിച്ച ബാഡ്ജുകള്‍ ധരിച്ചാണ് കുട്ടികള്‍ ഇന്ന് വിദ്യാലയത്തിലെത്തിയത്. മികച്ച ബാഡ്ജ് നിര്‍മ്മിച്ചവരെ കണ്ടെത്തി സമ്മാനങ്ങള്‍ നല്‍കാന്‍ തീരമാനിച്ചിട്ടുണ്ട്.

Thursday, 1 June 2017

പുത്തനുണര്‍വ്വോടെ പുതുവര്‍ഷത്തിലേക്ക്...

      കുട്ടിക്കുസൃതികളും പാട്ടും മധുരവുമായി പുതിയ പ്രതീക്ഷകളോടെ വിദ്യാലയത്തിന്റെ പടികടന്നെത്തിയ കുട്ടികള്‍ക്ക് ആവേശകരമായ സ്വീകരണമാണ് വിദ്യാലയം ഒരുക്കിയത്. ഉളിയില്‍ ഗവ.യു.പി.സ്കൂളില്‍ ഇപ്രാവശ്യം 105 കുട്ടികളാണ് വിവിധ ക്ലാസുകളിലേക്കായെത്തിയത്.






    ഇരിട്ടി നഗരസഭാതല സ്കൂള്‍ പ്രവേശനവും  വിദ്യാലയത്തിലാണ് നടന്നത്. നഗരപിതാവ് ശ്രീ.പി.പി.അശോകന്‍ പ്രവേശനോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം മാന്ത്രിക ദീപം തെളിയിച്ച്  നിര്‍വ്വഹിച്ചു. 



വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ.എം.അബ്ദുറഹ്മാന്‍ അധ്യക്ഷനായ ചടങ്ങില്‍  ഹെഡ്മാസ്റ്റര്‍ ശ്രീ.പി.വി.ദിവാകരന്‍ സ്വാഗതവും സ്റ്റാഫ് സിക്രട്ടറി നന്ദിയും പറഞ്ഞു. പുതുതായി പ്രവേശനം നേടിയ കുട്ടികളെ അക്ഷരകിരീടം അണിയിച്ച് സ്വീകരിച്ചു. 

        എ.കെ.ഫാമിലി ട്രസ്റ്റ് വിദ്യാലയത്തിനായി ലഭ്യമാക്കിയ ക്ലാസ് റൂം ലൈബ്രറി (അലമാരയും പുസ്തകങ്ങളും) നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ.പി.പി.ഉസ്മാന്‍ ഏറ്റുവാങ്ങി. എ.കെ.ഫാമിലി ട്രസ്റ്റ് അംഗം ഡോ.പി.സലിം ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.


 ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്സസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയ വിദ്യാലയത്തിലെ നാല് പൂര്‍വ്വവിദ്യാര്‍ത്ഥികളെ എസ്.എം.സി.ചെയര്‍മാന്‍ ശ്രീ.കെ.എ.ഷാജി അനുമോദിച്ചു.





 

പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.അബ്ദുള്‍ഖാദര്‍ പഠനോപകരണകിറ്റുകള്‍ വിതരണം ചെയ്തു.





 മദര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീമതി കെ.ആര്‍.രജനി, സി.ആര്‍.സി കോഡിനേറ്റര്‍ ശ്രീമതി കെ.കെ.ലിജിന എന്നിവര്‍ ആശംസകള്‍ അറിയിച്ചു. 
എല്ലാ കുട്ടികള്‍ക്കും മധുരപലഹാരമായി മില്‍ക്ക് പേഡയും പായസമടക്കമുള്ള വിവിധ വിഭവങ്ങളോടെ ഉച്ചഭക്ഷണവും നല്‍കി.രക്ഷിതാക്കളും നാട്ടുകാരും പൊതുപ്രവര്‍ത്തകരും ഒക്കെ ചേര്‍ന്ന് നാടിന്റെ ഉത്സവമായി പ്രവേശനോത്സവം മാറ്റിയെടുത്തു.
പ്രവര്‍ത്തനങ്ങളില്‍ വിദ്യാലയത്തോട് സഹകരിച്ച എല്ലാവര്‍ക്കും നന്ദി.